ഒളിമ്പിക്സിനുള്ള വ്യാജ ടിക്കറ്റിലൂടെ നൂറ് കണക്കിന് പേര്‍ കബളിക്കപ്പെട്ടതായി വാര്‍ത്ത. ലോകമെമ്പാടും നിന്ന് ഒളിമ്പിക്സ് ടിക്കറ്റിനായി ക്രെഡിറ്റ് കാര്‍ഡ്, പാസ്പോര്‍ട്ട് വിവരങ്ങള്‍ എന്നിവ നല്‍കിയവരാണ് കബളിപ്പിക്കപ്പെട്ടത്.
അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കബളിപ്പിക്കപ്പെട്ടത്. ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഓസ്ട്രേലിയന്‍ ഫുട്‌ബോള്‍ ടീമംഗങ്ങളുടെ കുടുംബാംഗങ്ങളും കബളിപ്പിക്കലിന് ഇരയായതായി പറയപ്പെടുന്നു.
ബെയ്ജിംഗ് ടിക്കറ്റിംഗ് ഡോട്ട് കോം എന്ന വെബ്‌സൈറ്റ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനുളള ടിക്കറ്റുകള്‍ 1,750 ഡോളറിനും 2 150 ഡോളറിനുമാണ് വില്പന നടത്തി വന്നത്. നീന്തല്‍ പോലുള്ള മത്സര ഇനങ്ങള്‍ക്കും സൈറ്റിലൂടെ ടിക്കറ്റ് ലഭിക്കുമെന്നാണ് അവകാശ വാദം ഉന്നയിച്ചിരുന്നത്.
ഈ വെബ്‌സൈറ്റ് തട്ടിപ്പ് നടത്തുകയാണെന്ന സംശയത്തെ തുടര്‍ന്ന് ഇത് അടച്ചുപൂട്ടാന്‍ സാന്‍ഫ്രാന്‍സിസ്കോയിലെ ഒരു കോടതി ഉത്തരവിടുകയായിരുന്നുവെന്ന് അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷനും( ഐ ഒ സി) യുണൈറ്റഡ് സ്റ്റേട്സ് ഒളിമ്പിക് കമ്മിറ്റിയും( യു എസ് ഒ സി) പറയുന്നു. തട്ടിപ്പ് നടത്തിയ ബെയ്ജിംഗ് ടിക്കട്സ് ഡോട്ട് കോം എന്ന വെബ്സൈറ്റ് അടച്ച് പൂട്ടാന്‍ ജൂലൈ 23ന് ഐ ഒ സിയും യു എസ് ഒ സിയും നിര്‍ദ്ദേശം നല്‍കിയിരുന്നു.