ഒബാമയ്ക്ക് മാരകവിഷം പുരട്ടിയ കത്ത്: ഒരാള്‍ പിടിയില്‍

Webdunia
വ്യാഴം, 18 ഏപ്രില്‍ 2013 (09:14 IST)
PRO
PRO
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് മാരകവിഷം പുരണ്ട കത്തയച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മിസിസിപ്പിയിലെ ടുപെലോയില്‍ നിന്നുള്ള പോള്‍ കെവിന്‍ കര്‍ടിസ് എന്നയാള്‍ ഇതെന്നാണ് റിപ്പോര്‍ട്ട്. റോജര്‍ വിക്കര്‍ എന്ന സെനറ്റ് അംഗത്തിന് വിഷം പുരണ്ട കത്ത് അയച്ചതും ഇയാള്‍ തന്നെയാണെന്നാണ് സൂചനകള്‍.

ബുധനാഴ്ച വൈറ്റ് ഹൗസില്‍ എത്തിയ കത്തില്‍ ആണ് റിസിന്‍ എന്ന മാരകവിഷം പുരട്ടിയതായി കണ്ടെത്തിയത്. യുഎസ് സീക്രട്ട് സര്‍വീസ് വക്താവ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിശദപരിശോധനകള്‍ക്കായി കത്ത് ലാബിലേക്ക് അയച്ചു. ഇതേക്കുറിച്ച് എഫ്‌ബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈറ്റ് ഹൗസില്‍ എത്തുന്ന കത്തുകളും പാഴ്സ,ലുകളും പരിശോധിക്കുന്ന റിമോട്ട് നിരീക്ഷണ സംവിധാനത്തിലൂടെ പരിശോധിച്ചപ്പോഴാണ് കത്തില്‍ വെളുത്ത പൊടി കണ്ടെത്തിയത്. തുടര്‍ന്ന് ഇത് വിഷമാണെന്ന് സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം യു എസ് സെനറ്റ് അംഗത്തിന് മാരകവിഷം പുരണ്ട കത്ത് കിട്ടിയ സംഭവത്തില്‍ ആശങ്ക തുടരുന്നതിനിടെയാണ് ഒബാമയ്ക്കും ഇപ്പോള്‍ ഇത്തരം കത്ത് ലഭിച്ചിരിക്കുന്നത്. ആദ്യമായാണ് യുഎസ് പ്രസിഡന്റിന് നേരെ ഇത്തരം ഒരു ആക്രമണ ശ്രമം. ശ്വസിക്കുകയോ കുത്തിവയ്ക്കുകയോ ചെയ്താല്‍ ജീവഹാനി വരെ സംഭവിക്കാവുള്ള വിഷമാണ് റിസിന്‍.

റോജര്‍ വിക്കര്‍ എന്ന സെനറ്റ് അംഗത്തിനാണ് റിസിന്‍ എന്ന മാരക വിഷം പുരണ്ട കത്ത് ലഭിച്ചത്. ബോസ്റ്റണ്‍ ഇരട്ട സ്‌ഫോടനങ്ങള്‍ക്ക് തൊട്ടുപിന്നാലെ വിഷം പുരണ്ട കത്തിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ കൂടി പുറത്തുവന്നതോടെ ജനങ്ങള്‍ ഭീതിയിലാണ്. സംശയാസ്പദമായ കത്തുകളും മെയിലുകളും തുറക്കരുതെന്ന് എഫ്‌ബിഐ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബോസ്റ്റണ്‍ സ്ഫോടനങ്ങളുമായി കത്തിന് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അമേരിക്ക കണ്ട ഏറ്റവും വലിയ ആക്രമണമായിരുന്നു ബോസ്റ്റണില്‍ നടന്നത്. ബോസ്റ്റണിലേത് ഭീകരാക്രമണം തന്നെയാണെന്നാണ് പ്രസിഡന്റ് ഒബാമ പ്രതികരിച്ചത്.