ഒടുവില്‍ ‘ഐസ് ലേഡി‘യ്ക്ക് ജീവപര്യന്തം

Webdunia
വെള്ളി, 23 നവം‌ബര്‍ 2012 (17:15 IST)
PRO
PRO
ഓസ്ട്രിയന്‍ ഐസ്ക്രീം പാര്‍ലറില്‍ ഇരട്ടകൊലപാതകങ്ങള്‍ നടത്തിയ സ്ത്രീയ്ക്ക് ജീവപര്യന്തം തടവ്. മുന്‍ ഭര്‍ത്താവിനെയും കാമുകനെയും കൊന്ന് മൃതദേഹങ്ങള്‍ പാര്‍ലറിന്റെ ബേസ്മെന്റില്‍ മറവുചെയ്തു എന്നാണ് കേസ്.

വിയന്ന കോടതിയാണ് 34-കാരിയായ സ്ത്രീയ്ക്ക് ശിക്ഷ വിധിച്ചത്. എസ്റ്റിബലിസ് സി എന്നാണ് സ്ത്രീയുടെ പേര് എന്ന് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു.

2008, 2010 വര്‍ഷങ്ങളില്‍ ആണ് കൊലപാതകങ്ങള്‍ നടന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവങ്ങളായിരുന്നു ഇവ. ‘ഐസ് ലേഡി’ എന്നാണ് ഓസ്ട്രിയന്‍ മാധ്യമങ്ങള്‍ സ്ത്രീയെ വിശേഷിപ്പിച്ചിരുന്നത്. മൃതദേഹങ്ങള്‍ കഷണങ്ങളാക്കി ഫ്രീസറില്‍ വച്ച ശേഷമാണ് സെല്ലാറില്‍ മറവുചെയ്തത്.

മുന്‍ ഭര്‍ത്താവ് സ്വസ്ഥത നല്‍കിയില്ലെന്നും കാമുകന്‍ വഞ്ചിച്ചു എന്നും കുറ്റപ്പെടുത്തിയാണ് ഇവര്‍ കൊലപാതകങ്ങള്‍ നടത്തിയത്. സ്ത്രീയ്ക്ക് മാനസിക രോഗത്തിന് ചികിത്സ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.