ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലായിരുന്ന പുരാതന നഗരമായ പാല്‍മിറ സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചു. ശക്തമായ ഏറ്റുമുട്ടലിനൊടുവിലാണ് പാല്‍മിറ പൂര്‍ണമായും സിറിയന്‍ സൈന്യം പിടിച്ചെടുത്തത്. കഴിഞ്ഞ മെയ് മാസം മുതല്‍ ഐ എസിന്റെ അധീനതയിലായിരുന്നു നഗരം. റഷ്യയുടെ കര- വ്യോമസേനകളുടെ സഹായത്തോടെയാണ് സിറിയന്‍ സൈന്യം പാല്‍മിറയുടെ പൂര്‍ണനിയന്ത്രണം കൈവശപ്പെടുത്തിയത്.
സിറിയന്‍ സൈന്യവും ഐ എസ് തീവ്രവാദികളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് മേഖലയില്‍ നടന്നത്. ശക്തമായ ഏറ്റുമുട്ടലിനൊടുവില്‍ പാല്‍മിറയ്ക്കു വടക്കുള്ള അല്‍ അമിറിയ പട്ടണം പിടിച്ചടക്കിയതോടെ ഐ എസ് പിന്വാങ്ങുകയായിരുന്നു. പാല്‍മിറയിലേക്കുള്ള പ്രവേശനകവാടമായാണ് അല്‍ അമിറിയ അറിയപ്പെടുന്നത്. യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംപിടിച്ച മരുഭൂമിയുടെ മുത്ത് എന്ന് ഓമനപ്പേരുളള പാല്‍മിറയിലെ പൈതൃക കേന്ദ്രങ്ങള്‍ ഐ എസ് ഭീകരര്‍ തകര്‍ത്തിരുന്നു.