എ ക്യു ഖാന്‍റെ ആരോപണം ചൈന തള്ളി

Webdunia
ബുധന്‍, 23 സെപ്‌റ്റംബര്‍ 2009 (17:26 IST)
പാകിസ്ഥാന്‍ ആണവ ശാസ്ത്രജ്ഞന്‍ എ ക്യു ഖാന്‍റെ ആരോപണം ചൈന തള്ളി. ഉത്തര കൊറിയ, ഇറാന്‍ എന്നീ രാജ്യങ്ങളോടൊപ്പം ചൈനയുമായും ആണവ സാങ്കേതിക വിദ്യകള്‍ കൈമാറിയിരുന്നു എന്ന് ഖാന്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ ശരിയല്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ആണവായുധ സമ്പുഷ്ടീകരണം ചൈന എതിര്‍ക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജിയാങ് യു പ്രസ്താവനയില്‍ പറഞ്ഞു. ട്രീറ്റിയിലെ അംഗമെന്ന നിലയില്‍ ആണവ നിര്‍വ്യാപന പ്രശ്നത്തില്‍ ചൈനയ്ക്ക് അന്താരാഷ്ട്ര സമൂഹത്തോട് കടപ്പാടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

എ ക്യു ഖാന്‍ ഭാര്യയ്ക്ക് അയച്ച കത്തിലെ വിവരങ്ങള്‍ കഴിഞ്ഞയാഴ്ച സണ്‍‌ഡേ ടൈംസ് പുറത്തുവിട്ടിരുന്നു. ചൈന, കൊറിയ, ഇറാന്‍, ലിബിയ എന്നീ രാജ്യങ്ങളുമായി പാകിസ്ഥാന്‍ ആണവ സാങ്കേതിക വിദ്യ കൈമാറിയിരുന്നു എന്നായിരുന്നു കത്തിലെ വെളിപ്പെടുത്തല്‍. ഉത്തര കൊറിയക്കും ഇറാനും ആണവ രഹസ്യങ്ങള്‍ കൈമാറാന്‍ പാക് സര്‍ക്കാര്‍ തന്‍റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായും ഖാന്‍ വെളിപ്പെടുത്തിയിരുന്നു.