ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മില്‍ വെടിവെപ്പ്

ചൊവ്വ, 1 ഏപ്രില്‍ 2014 (11:58 IST)
PRO
മഞ്ഞക്കടലിലെ തര്‍ക്കമേഖലയില്‍ ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മില്‍ വെടിവെപ്പ്. തിങ്കളാഴ്ച മേഖലയില്‍ ആയുധാഭ്യാസം നടത്തുമെന്ന് ഉത്തരകൊറിയ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും പരസ്പരം വെടിയുതിര്‍ത്തത്.

തിങ്കളാഴ്ച സൈനികാഭ്യാസം നടത്തുമെന്ന് ഫാക്‌സ് സന്ദേശത്തിലൂടെ ദക്ഷിണകൊറിയയെ അറിയിച്ചശേഷമാണ് ഉത്തരകൊറിയ വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്. 500 തവണ ഉത്തര കൊറിയ വെടിയുതിര്‍ത്തതായും ഇതില്‍ നൂറോളം എണ്ണം തങ്ങളുടെ അതിര്‍ത്തിയിലാണ് വീണതെന്നും ദക്ഷിണ കൊറിയന്‍ പ്രതിരോധ വക്താവ് കിം മിന്‍ സൂക് പറഞ്ഞു.

മറുപടിയായി 300 റൗണ്ട് വെടിയുതിര്‍ത്തതായും അദ്ദേഹം പറഞ്ഞു. മൂന്നുമണിക്കൂറോളം വെടിവെപ്പ് നീണ്ടു. സുരക്ഷ മുന്‍നിര്‍ത്തി സമീപത്തെ ദ്വീപുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. സമുദ്രാതിര്‍ത്തി സംബന്ധിച്ച് തര്‍ക്കം തുടരുന്ന ഈ മേഖലയെച്ചൊല്ലി ഇരുകൊറിയകളും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണ്.

വെബ്ദുനിയ വായിക്കുക