ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ കളിയാക്കിയ പ്രമുഖ ടി വി ചാനലിന്റെ അവതാരകനെതിരെ അന്വേഷണം. ഈജിപ്ത് ടിവിയില്‍ ആക്ഷേപഹാസ്യ പരിപാടി അവതരിപ്പിക്കുന്ന ബാസീം യൂസഫിനെതിരേയാണു അന്വേഷണം ആരംഭിച്ചിരുന്നത്.
ഈജിപ്ത് പ്രോസിക്യൂട്ടര്‍മാരാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഷോയിലൂടെ അവതാരകന്‍ പ്രസിഡന്റിനെ അധിക്ഷേപിച്ചു എന്നാണ് ഇസ്ലാമിക അഭിഭാഷകര്‍ വാദിക്കുന്നത്. മുര്‍സിയുടെ ചിത്രമുള്ള ചുവന്ന തലയണ കൈയ്യില്‍പ്പിടിച്ച് യൂസഫ് അദ്ദേഹത്തിന്റെ സംഭാഷണം പാരഡിയിലൂടെ അവതരിപ്പിക്കുകയായിരുന്നു.
ഈജിപ്ത് പ്രസിഡന്റിനേക്കാള്‍ ജനപ്രീതിയുള്ള വ്യക്തിത്വമാണ് യൂസഫിന്റേത്. 38കാരനായ യൂസഫിനെ ട്വിറ്ററില്‍ 850,000 പേര്‍ പിന്തുടരുന്നുണ്ട്. ഫേസ്ബുക്കില്‍ 1.4 ദശലക്ഷം ആരാധകരുമുണ്ട്.