അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ഇറാനില്‍ ഒരു കൌമാരക്കാരനെ തൂക്കിലേറ്റിയതായി റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ചത്തെ ഒരു പത്ര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. പ്രായപൂര്‍ത്തിയാവത്തവര്‍ക്ക് വധ ശിക്ഷ നല്‍കുന്നത് അന്താരാഷ്ട്ര നിയമത്തിനെതിരാണ്.
ഇറാന്‍റെ പടിഞ്ഞാറന്‍ നഗരമായ സനന്‍ദാജിലാണ് പതിനേഴു വയസ്സുള്ള ഹസന്‍ സാദേയെ തൂക്കിലേറ്റിയത്. 2006ല്‍ പത്തുവയസ്സുള്ള ഒരു കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ജയിലായിരുന്ന ഹസനെ വ്യാഴാഴ്ചയാണ് തൂക്കിലേറ്റിയതെന്ന് പത്ര റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊല്ലപ്പെട്ട കുട്ടിയുടെ ആളുകളുമായി രമ്യതയില്‍ കേസ് തീര്‍പ്പാക്കണമെന്ന് ഇറാന്‍റെ മുഖ്യ ന്യായാധിപന്‍ ആയത്തൊള്ള മഹ്‌മൂദ് ഹഷ്മി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രമ്യതയില്‍ എത്തിച്ചേരാന്‍ കഴിയാതിരുന്നതു മൂലം വധ ശിക്ഷ നടപ്പാക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു എന്ന് പ്രാദേശിക കോടതിവൃത്തങ്ങള്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശരിയത്ത് നിയമം അനുശാസിക്കുന്നത് പ്രകാരം കൊല്ലപ്പെട്ട ആളിന്‍റെ കുടുംബം നഷ്ടപരിഹാരം കൈപ്പറ്റിയാല്‍ കൊലപാതകിയുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കാനാവും.
സംഭവത്തെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ‘ഹ്യൂമന്‍ റൈറ്റ്സ് വാച്ച്’ അപലപിച്ചു.