ഇറാഖില്‍ കുടുങ്ങിയ നഴ്‌സുമാര്‍ സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്

Webdunia
വ്യാഴം, 3 ജൂലൈ 2014 (20:45 IST)
ഇറാഖില്‍ കുടുങ്ങിയ മലയാളി നഴ്സുമാര്‍ സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ നഴ്സുമാരെ സുന്നി വിമതര്‍ തിക്രിതില്‍ നിന്നും മൊസൂളിലേക്ക് കൊണ്ടുപോയിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം.

രണ്ടുമണിക്കൂറിനുള്ളില്‍ മൊസൂളില്‍ എത്തുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. നഴ്‌സുമാരെ ഫോണില്‍ സംസാരിക്കാന്‍ വിമതര്‍ അനുവദിച്ചു. അത്യുഗ്രശേഷിയുള്ള ബോംബുകളും ആയുധങ്ങളും വാഹനത്തില്‍ ഉണ്ടെന്ന് നഴ്‌സുമാരുടെ സന്ദേശം. ഫോണിലെ ചാര്‍ജ് ഉടന്‍ തീരുമെന്നും നഴ്‌സുമാര്‍ സന്ദേശത്തിലൂടെ അറിയിച്ചു.

തീവ്രവാദികള്‍ ബിസ്ക്കറ്റും വെള്ളവും ജ്യൂസും നല്‍കിയതായി നഴ്‌സുമാര്‍ അറിയിച്ചു. നഴ്സുമാരുമായുള്ള സംഭാഷണം ഇറാക്കിലുള്ള മറ്റൊരു നഴ്സായ അജീഷ് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയെ കേള്‍പ്പിച്ചു. പ്രത്യേക വിമാനത്തില്‍ നഴ്സുമാരെ നാട്ടിലെത്തിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായാണ് അറിയുന്നത്.

ഒപ്പം യാത്ര ചെയ്യുന്ന സുന്നി വിമതര്‍ മൃദുസമീപനമാണ് തങ്ങളോട് സ്വീകരിച്ചിരിക്കുന്നതെന്ന് നഴ്സുമാര്‍ അറിയിച്ചു. മൊസൂളില്‍ എത്തിക്കഴിഞ്ഞാല്‍ അവിടെ നിന്ന് വിമാനത്താവളത്തിലേക്ക് അരമണിക്കൂര്‍ സമയത്തിനുള്ളില്‍ എത്താന്‍ കഴിയുമെന്നാണ് വിവരം.

തീവ്രവാദികളുടെ കസ്റ്റഡിയിലുള്ള 46 നഴ്‌സുമാരില്‍ 45 പേരും മലയാളികളാണ്. ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്. രണ്ട് ബസുകളിലായാണ് യാത്ര. ഒരു ബസിലാണ് നഴ്‌സുമാര്‍ എല്ലാവരും ഉള്ളത്. മറ്റൊരു ബസില്‍ ഇവരുടെ ലഗേജ് ആണുള്ളത്. നാല് തീവ്രവാദികള്‍ നഴ്‌സുമാര്‍ക്കൊപ്പം സഞ്ചരിക്കുന്നു.

തിക്രിതില്‍ നിന്നും പുറപ്പെടുമ്പോള്‍ ഉണ്ടായ സ്ഫോടനത്തിനിടെ ആറ് നഴ്സുമാര്‍ക്ക് പരുക്കേറ്റിരുന്നു. ഉടഞ്ഞ ചില്ലുകള്‍ പതിച്ചാണ് പരുക്കേറ്റത്. എന്നാല്‍ ആരുടെയും പരുക്ക് ഗുരുതരമല്ല.