ഓസ്ട്രേലിയയിലെ ഇന്ത്യന്‍ ഹോട്ടലുകളും വംശീയ ആക്രമണത്തിനിരയാവുന്നു. ക്ലീവ് ലാന്‍ഡ് തെരുവില്‍ ഒരു ഇന്ത്യന്‍ ഹോട്ടല്‍ അഗ്നിക്കിരയാക്കി ദിവസങ്ങള്‍ കഴിയും മുമ്പേ മറ്റൊരു ഇന്ത്യന്‍ ഹോട്ടലിന്റെ ഭക്ഷണ വാനുകളും അജ്ഞാതര്‍ തീവച്ചു നശിപ്പിച്ചു.
ക്ലീവ് ലാന്‍ഡ് തെരുവിലെ മായ ദാ ധാബയുടെ വാനുകളാണ് തിങ്കളാഴ്ച വെളുപ്പിന് രണ്ടരയോടെ അഗ്നിക്കിരയായത്. ഉടന്‍ തന്നെ അഗ്നിശമന സേനയെത്തിയെങ്കിലും വാനുകള്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു.
കരുതിക്കൂട്ടിയുള്ള ആക്രമണമാണിതെന്ന് സംശയിക്കുന്നതായി ‘സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂലൈ അഞ്ചിനാണ് മായ ദാ ധാബയുടെ അടുത്തുള്ള മറ്റൊരു ഹോട്ടല്‍, ദ കോപ്പര്‍ ടിഫിന്‍, കത്തി നശിച്ചത്. ഹോട്ടലിനു തീപിടിച്ച ഉടന്‍ അജ്ഞാതരായ രണ്ട് പേര് ഓടിപ്പോയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പൊലീസ് രണ്ട് സംഭവങ്ങളെയും ബന്ധപ്പെടുത്തി അന്വേഷണം ആരംഭിച്ചു.