ഇനി വെറുതെ മൂത്രം ഒഴിച്ചു കളയരുത്, കാരണം സൂക്ഷിച്ചുവെച്ചാല്‍ പല്ലുതേക്കാം, വളമിടാം. കേട്ട് നെറ്റിചുളിക്കേണ്ട. മൂത്രത്തില്‍ നിന്നും ടൂത്ത് പേസ്റ്റും വളവും നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു കഴിഞ്ഞു. ഫ്‌ളോറിഡ സര്‍വകലാശാലയിലെ കെമിക്കല്‍ എന്‍ജിനിയര്‍മാരാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചത്.
മൂത്രത്തില്‍നിന്നുള്ള ഫോസ്ഫറസ് വേര്‍തിരിച്ചെടുത്താണ് ടൂത്ത് പേസ്റ്റിനും വളനിര്‍മാണത്തിനുമായി ഉപയോഗിക്കുന്നത്. മൂത്രത്തില്‍ നിന്നും ഫോസ്ഫറസ് വേര്‍തിരിച്ചെടുത്ത് മറ്റു കാര്യങ്ങള്‍ക്കുപയോഗിക്കാനുള്ള ഗവേഷണം നടക്കുകയാണ്. മൂത്രം സീവേജ് സിസ്റ്റത്തിലേക്ക് കടക്കുന്നതിന് മുന്‍പ് ശേഖരിക്കുകയും അതില്‍നിന്ന് ഫോസ്ഫറസ് വേര്‍തിരിച്ചെടുക്കാനുമാണ് പദ്ധതി.
ടൂത്ത്‌പേസ്റ്റും വളവും ഉണ്ടാക്കാന്‍ ഉപയോഗിക്കപ്പെടുന്ന ലോകത്തെ ഫോസ്ഫറസ് ശേഖരം ഒരു നൂറ്റാണ്ടിനുള്ളില്‍ അവസാനിക്കുമെന്നാണ് കരുതുന്നത്. വളനിര്‍മാണത്തിന് അത്യാവശ്യമായ ഫോസ്ഫറസ് മൂത്രത്തില്‍നിന്ന് വേര്‍തിരിച്ചെടുക്കുകയാണെങ്കില്‍ ഈ പ്രതിസന്ധിയെ മറികടക്കാനാവുമെന്നാണ് ഗവേഷകരുടെ വിശ്വാസം. മൂത്രത്തില്‍നിന്ന് 97 ശതമാനം ഫോസ്‌ഫേറ്റും അഞ്ചുമിനിറ്റിനുള്ളില്‍ വേര്‍തിരിച്ചെടുക്കാനാകുമെന്ന് ഗവേഷകര്‍ പറയുന്നു. വീട്ടില്‍ തന്നെ ഇത് ചെയ്യാമെന്നതാണ് ഇതിന്റെ സവിശേഷത.