ആണവ പദ്ധതി: ചര്‍ച്ച നടത്താമെന്ന് ഉത്തര കൊറിയ

Webdunia
തിങ്കള്‍, 27 ജൂലൈ 2009 (10:17 IST)
ആണവായുധപദ്ധതികളുമായി ബന്ധപ്പെട്ട് മറ്റ് രാജ്യങ്ങള്‍ക്കുള്ള ആശയക്കുഴപ്പം ദൂരീകരിക്കാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഉത്തര കൊറിയ അറിയിച്ചു. വിഷയത്തില്‍ അമേരിക്കയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് ഉത്തര കൊറിയ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.
ആറ് രാജ്യങ്ങളുമായി ആണവ വിഷയത്തില്‍ നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് പിന്മാറില്ലെന്നും ഉത്തരകൊറിയ വ്യക്തമാക്കിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയിലെ ഉത്തര കൊറിയന്‍ അംബാസഡര്‍ ആണ് അമേരിക്കയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വെള്ളിയാഴ്ച സൂചന നല്‍കിയിരുന്നതായി ജപ്പാന്‍റെ ക്യോഡോ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

യുഎന്‍ ആഭിമുഖ്യത്തിലുള്ള അമേരിക്ക, റഷ്യ, ജപ്പാന്‍, ചൈന, ദക്ഷിണ കൊറിയ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളുടെ ആറു രാഷ്ട്ര ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്നായുരുന്നു ഉത്തര കൊറിയയുടെ നേരത്തെയുള്ള നിലപാട്. ഈ നിലപാടിന് വിരുദ്ധമായാണ് ഇപ്പോഴത്തെ പ്രസ്താവന.