യു എൻ രക്ഷാസമിതി ഉപരോധം ശക്തമാക്കിയതിനെ തുടർന്ന് ശത്രുക്കൾക്കെതിരെ ഏത് സമയത്തും ആണവായുധം പ്രയോഗിക്കുന്നതിന് തയ്യാറെടുക്കാൻ സൈന്യത്തോട് ഭരണാധികാരി കിം ജോങ് ഉന്‍ ഉത്തരവിട്ടു. ശത്രുക്കളിൽ നിന്നും തുടർച്ചയായ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
കടുത്ത ഉപരോധം ഏർപ്പെട്ടുകൊണ്ടുള്ള പ്രമേയം യു എൻ രക്ഷാസമിതി അംഗീകരിച്ചതിന് പിറകെയാണ് ഭരണാധികാരിയുടെ പുതിയ നിർദ്ദേശം. ആണവ പരീക്ഷണങ്ങൾക്ക് ശേഷം യു എൻ രക്ഷാസമിതി ഉപരോധം ശക്തമാക്കിയതിനെ തുടർന്ന് രാജ്യ സുരക്ഷയെക്കുറിച്ച് ചിന്തിക്കേണ്ടത് ആവശ്യമാണെന്ന് കിം ജോങ് ഉന്‍ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കിഴക്കൻ തീരത്തേക്ക് ആറു മിസൈലുകൾ പരീക്ഷിച്ചുകൊണ്ടാണ് യു എൻ നീക്കത്തിനെതിരെ ഉത്തര കൊറിയ പ്രതികരിച്ചത്. ഇതിനെതുടർന്ന് പുതിയ മിസൈലിന്റെ പ്രവർത്തനം അടക്കമുള്ള എല്ലാ കാര്യങ്ങളും കിം ജോങ് വിലയിരുത്തി വരികയാണെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കൂടാതെ പുതിയ ആയുധങ്ങൾ പരീക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഉത്തരകൊറിയയെ ആണവശക്തി രാജ്യമാക്കിമാറ്റുമെന്ന് കിം ജോങ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജപ്പാൻ, അമേരിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾക്കെതിരെ ഉത്തര കൊറിയ ആക്രമണ ഭീഷണി മുഴക്കിയിട്ടുണ്ട്.