അമേരിക്കയുടെ മിസൈയില്‍വേധ മിസൈയില്‍ പരീക്ഷണം വീണ്ടും പരാജയപ്പെട്ടു

Webdunia
ഞായര്‍, 7 ജൂലൈ 2013 (17:11 IST)
PRO
PRO
അമേരിക്കയുടെ മിസൈയില്‍വേധ മിസൈയില്‍ പരീക്ഷണം മൂന്നാമതും പരാജയപ്പെട്ടു. ഉത്തരകൊറിയ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു യുഎസിനെതിരെ ദീര്‍ഘദൂര മിസെയില്‍ ആക്രമണത്തിന് സാധ്യതയുള്ളതിനാലാണ് മിസൈയില്‍വേധ മിസൈയില്‍ പരീക്ഷണം അമേരിക്ക നടത്തുന്നത്.

പസഫിക്‌ സമുദ്രത്തിലെ മാര്‍ഷല്‍ ദ്വീപിലുള്ള സൈനിക ആസ്ഥാനത്ത് നിന്ന് ദീര്‍ഘദൂര ബാലിസ്റ്റിക്‌ മിസൈയില്‍ തൊടുത്തുവിട്ടായിരുന്നു പരീക്ഷണം. കലിഫോര്‍ണിയ വാന്‍ഡന്‍ബെര്‍ഗ്‌ വ്യോമതാവളത്തില്‍ നിന്നു പറന്നുയരുന്ന മിസെയില്‍വേധ മിസെയില്‍ ഇതിനെ പ്രതിരോധിക്കേണ്ടതായിരുന്നു. എന്നാല്‍ പരീക്ഷണം പരാജയപ്പെടുകയായിരുന്നു.

2008 ഡിസംബര്‍ മുതല്‍ അമേരിക്ക നടത്തിയ എല്ലാ മിസൈയില്‍വേധ മിസൈയില്‍ പരീക്ഷണങ്ങളും പരാജയപ്പെട്ടു. പരീക്ഷണത്തിനുള്ള ചിലവ് 3400 കോടി ഡോളറാണ്‌. യുഎസ്‌ ഇതുവരെ 16 തവണ മിസൈയില്‍വേധ മിസൈയില്‍ പരീക്ഷണം നടത്തിയതില്‍ എട്ടെണ്ണം മാത്രമാണ് വിജയിച്ചിരികുന്നത്‌.

കലിഫോര്‍ണിയയിലും അലാസ്കയിലും മിസൈയില്‍വേധ മിസൈയിലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 100 കോടി ഡോളര്‍ ചെലവില്‍ 14 പുതിയ മിസൈയില്‍വേധ മിസൈയിലുകള്‍ കൂടി സ്ഥാപിക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ചക്‌ ഹേഗല്‍ പറഞ്ഞു.