അമേരിക്കന്‍ സ്ഥാ‍നപതി നാന്‍സി പവല്‍ രാജിവെച്ചു

Webdunia
ചൊവ്വ, 1 ഏപ്രില്‍ 2014 (08:37 IST)
PRO
PRO
ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി നാന്‍സി പവല്‍ രാജിവെച്ചു. രാജിക്കത്ത് അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമക്ക് അയച്ചുകൊടുത്തതായി തിങ്കളാഴ്ച യുഎസ് മിഷന്‍ ടൗണ്‍ഹാള്‍ മീറ്റിംഗില്‍ നാന്‍സി പവല്‍ അറിയിച്ചതായി യുഎസ് എംബസിയുടെ വെബ്സൈറ്റില്‍ വ്യക്തമാക്കി. അംബാസഡര്‍ സ്ഥാനത്തുനിന്ന് നീക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പവലിന്റെ രാജി. 2012 ഏപ്രില്‍ 19നാണ് ഇന്ത്യയിലെ അംബാസഡറായി നാന്‍സി പവല്‍ ചുമതലയേറ്റത്. മേയ് അവസാനത്തോടെ പവല്‍ നാട്ടിലേക്ക് മടങ്ങും.

യുപിഎയുമായി കൂടുതല്‍ അടുത്തബന്ധം പുലര്‍ത്തിയ പവല്‍, ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ച വൈകിപ്പിച്ചെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിനുശേഷം മോഡിയുമായി കൂടിക്കാണാന്‍ താല്‍പര്യം കാട്ടാതിരുന്ന നാന്‍സി പവല്‍ ഫെബ്രുവരി 13നാണ് ഗുജറാത്ത് മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചത്. മോഡി അധികാരത്തിലെത്തുന്ന പക്ഷം ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ അമേരിക്ക പവലിനെ നീക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെയാണ് നാന്‍സി പവല്‍ രാജിവെച്ചത്