നന്നെ ചെറുപ്രായത്തില്‍ തന്നെ പോപ്പ് ലോകത്തിന്റെ ഹരമായി മാറിയ ഗായിക അമി ജെയ്ഡ് വൈന്‍ഹൗസ് (27) മരിച്ച നിലയില്‍. ലണ്ടനിലെ കാമഡെന്‍ സ്ക്വയര്‍ ഫ്ലാറ്റിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ മരണം എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ഏറെ നാളായി മയക്കുമരുന്നിനും മദ്യപാനത്തിനും അടിമയായിരുന്ന ആമി ലഹരിവിമുക്ത ചികിത്സ നടത്തിവരികയായിരുന്നു. മയക്കുമരുന്നിന്റെ അമിത ഉപയോഗമായിരിക്കാം മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യപ്രശ്നങ്ങള്‍ മൂലം അവര്‍ സംഗീതരംഗത്ത് നിന്ന് മാറി നില്‍ക്കുകയായിരുന്നു. ഈയിടെ നടത്തിയ യൂറോപ്യന്‍ പര്യടനത്തിനിടെ വേദിയില്‍ മദ്യപിച്ചെത്തിയതിനാല്‍ അവര്‍ക്ക് പാട്ട് മുഴുമിപ്പിക്കാനായില്ല.
1983 സപ്തംബര്‍ 14-ന് ലണ്ടനിലെ സൗത്ത്‌ഗേറ്റിലാണ് ആമി ജനിച്ചത്. 2003-ല്‍ പുറത്തിറങ്ങിയ ‘ഫ്രാങ്ക്' ആണ് അവരുടെ ആദ്യ സംഗീത ആല്‍ബം. അഞ്ച് ഗ്രാമി പുരസ്കാരങ്ങള്‍ നേടിയ 'ബാക്ക് ടു ബ്ലാക്കാണ്’ ആമിയെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്. 2006-ലായിരുന്നു ഇത്. ലവ് ഈസ് എ ലൂസിംഗ് ഗെയിം, മെര്‍ക്കുറി പ്രൈസി, ബിഗ് ഫോര്‍, സ്‌ട്രോങ്ങര്‍ ദാന്‍ മി, റീഹാബ് തുടങ്ങിയവയാണ് അവരുടെ മറ്റ് പ്രശസ്ത ആല്‍ബങ്ങള്‍.