അന്തരീക്ഷത്തില്‍ കാര്‍‌ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ഏറ്റവും ഉയര്‍ന്ന തോതില്‍

Webdunia
ശനി, 11 മെയ് 2013 (20:06 IST)
PRO
PRO
അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് ഏറ്റവും ഉയര്‍ന്ന തോതിലെത്തിയെന്ന് പഠനറിപ്പോര്‍ട്ട്. അമേരിക്കന്‍ ഔദ്യോഗിക ഏജന്‍സിയായ എന്‍ഒഎഎയുടെ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് ഇപ്പോള്‍ നാനൂറ് പാര്‍ട്‌സ് പെര്‍ മില്യണാണ്. ഫോസില്‍ ഇന്ധനങ്ങളുടെ അമിത ഉപയോഗമാണ് അന്തരീക്ഷത്തില്‍ കാര്‍ബ് ഡൈ ഓക്‌സൈഡിന്റെ അളവ് കൂടാന്‍ കാരണം.

കാലാവസ്ഥാ വ്യതിയാനത്തെ ഏറെ ദോഷകരമായി ബാധിക്കുന്ന തരത്തിലേക്ക് കാര്‍ബണ്‍ ഡൈ ഓക്‌സെഡിന്റെ അളവ് വര്‍ധിച്ചതോടെ ഇതിനെ പ്രതിരോധിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ എത്രയും വേഗം നടപടിയടുക്കണമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കി. അമേരിക്കയും ചൈനയും ഹരിതഗൃഹവാതകങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

അഞ്ച് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് 400 പാര്‍ട്‌സ് പെര്‍ മില്യണായിരുന്നു. അന്ന് മനുഷ്യവംശം ഭൂമിയില്‍ ഉണ്ടായിരുന്നില്ല. അന്നത്തെ അവസ്ഥയിലേക്ക് അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് വര്‍ധിക്കുന്നത് ഭൂമിയിലെ ജീവന്റെ നിലനില്‍പ്പിനു പോലും ഭീഷണിയായേക്കും.