ബെനീഞ്ഞോ അക്വിനോ (50) ഫിലിപ്പൈന്‍സിന്റെ പതിനഞ്ചാം പ്രസിഡന്റായി ബുധനാഴ്ച അധികാരമേറ്റു. മധ്യ മനിലയിലെ റിസാല്‍ പാര്‍ക്കില്‍ വച്ചായിരുന്നു സത്യപത്രിജ്ഞാ ചടങ്ങ്.
അഴിമതിയിലും പട്ടിണിയിലും മുങ്ങിത്താഴുന്ന രാജ്യത്തിന് പുതുജീവന്‍ നല്‍കാന്‍ അക്വിനോയ്ക്ക് സാധിക്കുമെന്നാണ് ഫിലിപ്പൈന്‍സിലെ ഭൂരിഭാഗം ജനങ്ങളും കരുതുന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ അക്വിനോയോട് അനുഭാവം പ്രകടിപ്പിക്കാനായി മഞ്ഞ വസ്ത്രം ധരിച്ചാണ് ആളുകള്‍ എത്തിയത്.
ഉത്സവ സമാനമായ ചടങ്ങില്‍ 500,000 ആളുകള്‍ പങ്കെടുത്തതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഫിലിപ്പൈന്‍സിലെ ജനാധിപത്യ നേതാക്കളായ ബെനീഞ്ഞോയുടെയും കൊരാസന്‍ അക്വിനയോടെയും പുത്രനായ ബെനീഞ്ഞോ അക്വിനോയ്ക്ക് വന്‍ ജനപിന്തുണയാണ് മെയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലഭിച്ചത്.
ഫിലിപ്പൈന്‍സ് ഏകാധിപതിയായിരുന്ന ഫെര്‍ണിഡാന്റ് മാര്‍ക്കോസിനെ ജനമുന്നേറ്റത്തിലൂടെ അട്ടിമറിക്കാന്‍ അക്വിനോയുടെ കുടുംബം വഹിച്ച പങ്ക് എന്ന് ഓര്‍മ്മിക്കപ്പെടും. 1986 ല്‍ മാര്‍ക്കോസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ ശേഷം ആറ് വര്‍ഷം അക്വിനോയുടെ മാതാവ് കൊരാസന്‍ അക്വിനോ ആയിരുന്നു ഫിലിപ്പൈന്‍സ് പ്രസിഡന്റ് പദത്തിലിരുന്നത്.