സ്പോര്‍ട്സ് അക്കാദമിക്ക് സെവാഗ്

ബുധന്‍, 22 ഒക്‌ടോബര്‍ 2008 (15:10 IST)
PTIPRO
തന്നേപ്പോലെ തന്നെ ഇന്ത്യന്‍ കായിക രംഗത്തിനു വേണ്ട അനേകം താരങ്ങളെ വാര്‍ത്തെടുക്കുന്ന എന്ന സ്വപ്നത്തിലേക്ക് നീങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗും. ഇന്ത്യന്‍ കായിക രംഗത്തിനു മികച്ച സംഭാവനകള്‍ നല്‍കാന്‍ ശേഷിയുള്ള ഒരു അക്കാദമിയാണ് താരം ലക്‍‌ഷ്യമിടുന്നത്.

സ്കൂള്‍ ഉള്‍പ്പെടുന്ന ഒരു കായിക അക്കാദമി ഹരിയാനയിലെ സിലാനി കേശോയില്‍ തുടങ്ങാനാണ് പദ്ധതി. ഹരിയാന സര്‍ക്കാര്‍ ഈ നിര്‍ദ്ദേശത്തിനു അംഗീകാരം നല്‍കിയിരിക്കുകയാണ്. ശ്രീകൃഷ്ണ എഡ്യൂക്കേഷന്‍ സൊസൈറ്റിയാണ് ഈ സംരംഭം തുടങ്ങാന്‍ സെവാഗിനു കൂട്ട്.

ഇതിനായി നല്‍കിയിരിക്കുന്ന ഭൂമി 23 ഏക്കറിന്‍റേതാണ്. രണ്ട് ഘട്ടമായി നടക്കുന്ന പദ്ധതിയുടെ ഭാഗമായി 400 കുട്ടികള്‍ക്ക് ക്രിക്കറ്റിലും 250 കുട്ടികള്‍ക്ക് ഫുട്ബോളിലും പരിശീലനം നല്‍കും. മൊത്തം 800 കുട്ടികള്‍ക്കാണ് സ്കൂളിലേക്ക് പ്രവേശനം നല്‍കുക. ഇതില്‍ 400 പേര്‍ക്ക് ഹോസ്റ്റല്‍ സൌകര്യം ലഭിക്കും.

രണ്ടാം ഘട്ടത്തില്‍ ക്രിക്കറ്റ് ഫുട്ബോള്‍ അക്കാദമിയില്‍ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും നീന്തല്‍ അക്കാദമി കൂടി തുടങ്ങുകയും ചെയ്യും. മൊത്തം സീറ്റിന്‍റെ അഞ്ച് ശതമാനം ഗ്രാമത്തിലെ സമീപ വാസികളായ കുട്ടികള്‍ക്കായി നീക്കി വച്ചിരിക്കുന്നു. ഇവരുടെ പഠനവും പരിശീലനവും തീര്‍ത്തും സൌജന്യമാണ്.

വെബ്ദുനിയ വായിക്കുക