സൈമണ്‍സ് കുമ്പസാരിക്കുന്നു

PROPRD
ഇന്ത്യയുടെ മാന്ത്രിക സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗും ഓസ്ട്രേലിയന്‍ തടിമാടന്‍ ആന്‍ഡ്രൂ സൈമണ്‍സും തമ്മിലുള്ള വംശീയ പ്രശ്നം ഇരു ക്രിക്കറ്റ് ബോര്‍ഡുകളെയും കുറച്ചൊന്നുമല്ല വെള്ളം കുടിപ്പിച്ചത്. എന്നാല്‍ പ്രശ്നം സാക്ഷാല്‍ സൈമണ്‍സിനെ ഒന്നാന്തരം കുടിയനാക്കി മാറ്റി എന്നു താരം തന്നെ കുമ്പസാ‍രിക്കുന്നു.

കുരങ്ങ് വിളിക്ക് ശേഷം മോശം കൂട്ടുകെട്ടില്‍ പെട്ട് താന്‍ അമിതമായി മദ്യപിച്ചിരുന്നു എന്നും ഇപ്പോള്‍ തെറ്റ് തിരുത്തി തിരിച്ചു വന്നിരിക്കുകയാണെന്നും താരം പറയുന്നു.

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടയില്‍ സിഡ്നി ടെസ്റ്റിലായിരുന്നു ആന്‍ഡ്രൂ സൈമണ്‍സും ഹര്‍ഭജന്‍ സിംഗും തമ്മില്‍ പ്രശ്നം ഉണ്ടായത്. സൈമണ്‍സിനെ ഹര്‍ഭജന്‍ വംശീയമായി ആക്ഷേപിച്ചു എന്നായിരുന്നു ആരോപണം.

എന്നാല്‍ ബി സി സി ഐയുടെ ശക്തമായ ഇടപെടല്‍ മൂലം കുറ്റത്തില്‍ നിന്നും പിന്നീട് ഹര്‍ഭജനെ മുക്തനാക്കി. “ഈ സമയത്ത് പതിവിലും കൂടുതല്‍ കുടിച്ചു കൂത്താടി നടന്നു. കൂടുതല്‍ മോശക്കാരനായി മാറി. നല്ല കൂട്ടുകാര്‍ ഇല്ലാഞ്ഞതായിരുന്നു കാരണം. അക്കാര്യം ഇപ്പോഴാണ് മനസ്സിലായത്.” താരം പറയുന്നു.

എന്നാല്‍ യഥാര്‍ത്ഥ സമയമായപ്പോള്‍ താന്‍ തിരിഞ്ഞു നോക്കി എന്നും നേരെ തന്നെ പുറത്ത് വരാന്‍ അവസരം ഒരുങ്ങിയെന്നും താരം വ്യക്തമാക്കി. ബംഗ്ലാദേശ് പര്യടനത്തിനു മുമ്പായി നടന്ന ഓസീസ് ടീമിന്‍റെ മീറ്റിംഗിന് എത്താതെ സൈമണ്‍സ് മീന്‍ പിടിക്കാന്‍ പോയത് വാര്‍ത്ത ആയിരുന്നു.

ഈ മീന്‍പിടുത്തമാണ് ഓസ്ട്രെലിയയുടെ ഇന്ത്യന്‍ പര്യടനത്തില്‍ സൈമണ്‍സിന്‍റെ സ്ഥാനം നഷ്ടമാക്കിയത്. ഇപ്പോള്‍ കാര്യങ്ങള്‍ ശരിയായെന്നും അല്ലായിരുന്നെങ്കില്‍ ഒരിക്കലും മികച്ച ക്രിക്കറ്റ് കളിക്കാന്‍ കഴിയുമായിരുന്നില്ല എന്നും താരം പറയുന്നു.

വെബ്ദുനിയ വായിക്കുക