ബാത്തസ്റ്റ് റെയ്സില്‍ ഇനി 24 ബിയര്‍ മാത്രം

ചൊവ്വ, 20 ഒക്‌ടോബര്‍ 2009 (17:12 IST)
PRO
ഓസ്ട്രേലിയയിലെ പുരാതന കാര്‍ റെയ്സായ ബാത്തസ്റ്റിന്‍റെ കാണികള്‍ക്ക് ഇക്കുറി നിരാശയുടെ വര്‍ഷമായിരുന്നു. റെയ്സ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഓസ്ട്രേലിയന്‍ പൊലീസിന്‍റെ വകയായി പ്രത്യക്ഷപ്പെട്ട ഒരു അറിയിപ്പാണ് ആസ്വാദകര്‍ക്ക് ഇരുട്ടടിയായത്. ഇനി മുതല്‍ ബാത്തസ്റ്റ് കാണാനെത്തുന്നവര്‍ക്ക് ലഭിക്കുന്ന മദ്യത്തിന്‍റെ അളവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടായിരുന്നു അറിയിപ്പ്.

കഴിഞ്ഞ കാലങ്ങളില്‍ റെയ്സ് കാണാനെത്തി കള്ളുകുടിച്ച് കൂത്താടിയവരുടെ ശല്യം സഹിക്കാനാവാതെയായിരുന്നു ഓസ്ട്രേലിയന്‍ പൊലീസിന്‍റെ തീരുമാനം. ഒരു ദിവസം 375 മില്ലി വരുന്ന ഇരുപത് ബൊട്ടിലുകള്‍ മാത്രമേ അനുവദിക്കൂ എന്നായിരുന്നു അറിയിപ്പ്. ആള്‍ക്കഹോളിന്‍റെ അംശം കുറവുള്ള ബിയറുകളാണെങ്കില്‍ മുപ്പത്തിയാറെണ്ണം വരെ അനുവദിക്കാമെന്നായിരുന്നു മദ്യപാനികളുടെ ‘ദാഹം‘ മനസിലാക്കിയ പൊലീസിന്‍റെ ഇളവ്.

വൈന്‍ രുചിക്കുന്നവരായിരുന്നു പിന്നെയും ഭാഗ്യം ചെയ്തവര്‍. ഇവര്‍ക്ക് നാല് ലിറ്റര്‍ വൈന്‍ വരെ അനുവദിച്ചിരുന്നു. ഇത് രണ്ടും കൂടി ചേര്‍ത്ത് ഒരുവിധം അഡ്ജസ്റ്റ് ചെയ്യാമെന്നായിരുന്നു കുടിയന്‍‌മാരായ റെയ്സ് പ്രേമികളുടെ പ്രതീക്ഷ. എന്നാല്‍ പൊലീസ് ഇവരുടെയും വയറ്റത്തടിച്ചുകളഞ്ഞു. ബിയറും വൈനും കൂടി കഴിക്കാന്‍ പറ്റില്ലെന്ന് തന്നെ പൊലീസ് തീര്‍ത്തുപറഞ്ഞു.

മദ്യപിച്ചുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാനാണ് നിര്‍ദ്ദേശമെന്നാണ് പൊലീസിന്‍റെ വിശദീകരണം. എന്നാല്‍ ഓസ്ട്രേലിയന്‍ പൊലീസ് മാന്യന്‍‌മാരാണെന്നാണ് റെയ്സ് പ്രേമികളില്‍ അധികവും അഭിപ്രായപ്പെടുന്നത്. കാരണം റെയ്സ് വേദിയില്‍ മദ്യം പൂര്‍ണ്ണമായി വിലക്കിയിരുന്നെങ്കിലോ? അവിടെ പൊലീസിന്‍റെ സന്‍‌മനസിനെ ഇവര്‍ നമിക്കുന്നു.

ഓസ്ട്രേലിയയിലെ പ്രധാന കാര്‍ റെയ്സാണ് ബാത്തസ്റ്റ 1000. നാല് പതിറ്റാണ്ടിലധികം പഴക്കമുള്ള റെയ്സാണ് ഇത്. ഓസ്ട്രേലിയയിലെ ന്യൂ സൌത്ത് വെയ്‌ല്‍‌സിലെ പനോരമ പര്‍വ്വത സര്‍ക്യൂട്ടിലാണ് ബാത്തസ്റ്റ നടക്കുന്നത്.

വെബ്ദുനിയ വായിക്കുക