കയ്യാങ്കളിയിലെത്തിയ സമാധാന മത്സരം

ബുധന്‍, 15 ഏപ്രില്‍ 2009 (18:18 IST)
ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് പേരുകേട്ട ബ്രസീലില്‍ നടന്ന ഒരു സമാധാന ഫുട്ബോള്‍ മത്സരം അധികൃതരുടെ സമാധാനം കെടുത്തിക്കളഞ്ഞു. രണ്ട് കോച്ചുമാരും മൂന്ന് കളിക്കാരുമാണ് അച്ചടക്കലംഘനത്തിന് റെഡ് കാര്‍ഡ് കണ്ട് കളത്തിന് പുറത്തായത്.

ജുവെന്‍റൂഡും കാക്സിയാസും തമ്മിലായിരുന്നു മത്സരം. രണ്ടാം പകുതിയോടെയാണ് സമാധാന മത്സരം കാണികളുടെ സമാധാനം പരീക്ഷിക്കാനാരംഭിച്ചത്. റഫറിയുടെ ഒരു തീരുമാനത്തെ പ്രതിരോധിക്കാനായി മൈതാനത്തേക്ക് ഓടിക്കയറിയ ജുവന്‍റൂഡ് പരിശീലകനായിരുന്നു ആദ്യത്തെ സമാധാന ലംഘകന്‍.

ചുവപ്പ് കാര്‍ഡ് കണ്ട് ജുവന്‍റൂഡിന്‍റെ ആശാന്‍ ഗില്‍മാര്‍ ഐസര്‍ പുറത്തായ ശേഷം കാക്സിയാസ് കോച്ച് ആര്‍ഗെല്‍ ഫക്സിനാണ് നറുക്ക് വീണത്. കളി നിയന്ത്രിച്ചിരുന്ന ഫോര്‍ത്ത് ഒഫീഷ്യലിനോട് തട്ടിക്കയറിയതിനായിരുന്നു ഫക്സിന് ചുവപ്പ് കാര്‍ഡ് കാണേണ്ടിവന്നത്.

മൈതാനത്ത് നിന്ന് പുറത്തുപോകാന്‍ വിസമ്മതിച്ച ഫക്സിനെ ഒടുവില്‍ പോലീസ് ബലപ്രയോഗത്തിലൂടെ പുറത്താക്കുകയായിരുന്നു. കളി ആറ് മിനുട്ടോളം മുടങ്ങുകയും ചെയ്തു. “ആശാനക്ഷരമൊന്ന് പിഴച്ചാല്‍ അമ്പത്തൊന്ന് പിഴ്യ്ക്കും ശിഷ്യര്‍ക്ക്“ എന്നാണല്ലോ ചൊല്ല്. പിന്നെ നടന്നതൊക്കെ പൊടിപൂരമായിരുന്നു. എതിരാളികളെ അനാവശ്യമായി ദ്രോഹിച്ചതിന് മൂന്ന് കളിക്കാര്‍ക്കും ചുവപ്പ് കാണേണ്ടിവന്നു.

ജുവന്‍റൂഡിന്‍റെ ഗോള്‍കീപ്പര്‍ ഉള്‍പ്പെടെ രണ്ട് കളിക്കാരും കാക്സിയാസിന്‍റെ ഒരു കളിക്കാരനുമാണ് പുറത്തായത്. ഏതായാലും സമാധാന കളി കാണാന്‍ വന്ന കാണികള്‍ കളി തീരും മുമ്പ് സമാധാനം തേടി വീടുപറ്റി.

വെബ്ദുനിയ വായിക്കുക