നവംബര്‍ 23ന് ആരംഭിക്കാനിരുന്ന ഇന്ത്യന്‍ പ്രഫഷണല്‍ ഫുട്ബോള്‍ ലീഗിന്‍റെ ഉദ്ഘാടന മത്സരം 24ലേക്ക് മാറ്റി. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റിന് മത്സരം കാണാനുള്ള സൌകര്യത്തിനായാണ് ഈ മാറ്റമെന്നാണ് എഐഎഫ്എഫ് ഭാരവാഹികള്‍ പറയുന്നത്.
അന്താരാഷ്ട്ര ചലചിത്രോത്സവം ഉദ്ഘാടനം ചെയ്യാന്‍ കേന്ദ്ര മന്ത്രി കൂടിയായ എഐഎഫ്എഫ് പ്രസിഡന്‍റ് പ്രീയരഞ്ജന്‍ ദാസ് മുന്‍ഷി 24ന് ഗോവയിലെത്തുന്നുണ്ട്.
ഇന്ത്യയിലെ ദേശിയ ഫുട്ബോള്‍ ലിഗാണ് ഈ വര്‍ഷം മുതല്‍ പ്രഫഷണല്‍ ലീഗായി മാറുന്നത്.ഗോവയിലെ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഡെംബോ ഗോവ നാട്ടുകാരായ സല്‍ഗോക്കറിനെ നേരിടും.
ലീഗിലെ ഉദ്ഘാടന മത്സരം കൊല്‍ക്കത്തയിലൊ ഡല്‍ഹിയിലോ അല്ലാതെ നടക്കുന്നതും ഇതാദ്യമായാണ്.അന്തിമ മത്സര ക്രമം ഇതു വരെ തയാറായിട്ടെല്ലെങ്കിലും കൊല്‍ക്കത്തയിലെ പ്രമുഖ ടീമുകളുടെ ആദ്യ മത്സരങ്ങള്‍ സ്വന്തം ഗ്രൌണ്ടുകളില്‍ ആയിരിക്കുമെന്ന് എഐഎഫ്എഫ് ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.ടൂര്‍ണ്ണമെന്‍റിലെ കേരള സാനിധ്യമായ വിവാ കേരളയുടെ ആദ്യ മത്സരം നവംബര്‍ 26ന് ഈസ്റ്റ് ബംഗാളിനെതിരെ കൊല്‍ക്കത്തയിലാണ്.നവംബര്‍ 25ന് മോഹന്‍ ബഗാന്‍ ജെസിടിയെ നേരിടും.
ലീഗിലെ ആദ്യ പാദ മത്സരങ്ങള്‍ ഫെബ്രുവരി വരെ തടസ്സമില്ലാതെ നടക്കും.എന്നാല്‍ മാര്‍ച്ച ആദ്യം ആരംഭിക്കുന്ന എഎഫ്സി ചലഞ്ചര്‍ പരമ്പരയില്‍ ഇന്ത്യന്‍ ടീം പങ്കെടുക്കുന്നതിനാല്‍ ലീഗിലെ പിന്നീടുള്ള മത്സരങ്ങളുടെ സമയക്രമം സംബന്ധിച്ച അമിശ്ചിതത്വം തുടരുകയാണ്.ഞായറാഴ്ച നടക്കുന്ന് ഇന്ത്യാ-ലെബനന്‍ ലോകകപ്പ് ക്വാളിഫയര്‍ മത്സരത്തിന് ശേഷം ലീഗിനെ സംബന്ധിക്കുന്ന വിശദവിവരങ്ങള്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.