ഫിഗോ, മാള്‍ഡീനി കാലം കഴിഞ്ഞു?

Webdunia
PROPRD
ഒരാള്‍ അന്താരാഷ്ട്ര ഫുട്ബോളിലെ കിടയറ്റ മിഡ്‌ഫീല്‍ഡര്‍. മറ്റൊരാള്‍ പ്രതിരോധത്തിന്‍റെ കുന്തമുന. രണ്ടു പേരും ഒരേ നഗരത്തിലെ ജന്‍‌മ ശത്രുക്കളായ ക്ലബ്ബുകളുടെ പ്രമുഖ താരങ്ങളും. രണ്ടു പേരുടെയും മികവ് അസ്തമന കാലഘട്ടത്തിലും. പോര്‍ച്ചുഗല്‍ താരം ലൂയിസ് ഫിഗോയുടെയും ഇറ്റാലിയന്‍ പോളോ മള്‍ഡീനിയുടെയും കാര്യമാണ് പറഞ്ഞുവരുന്നത്.

മുപ്പത്തൊമ്പതുകാരനായ മാള്‍ഡീനിയും മുപ്പത്തഞ്ചുകാരനായ ലൂയിസ് ഫിഗോയും കരിയറിന്‍റെ അവസാന കാല ഘട്ടങ്ങളിലൂടെയാണ് കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇറ്റാലിയന്‍ ടീമിന്‍റെയും എ സി മിലാന്‍റെയും പ്രതിരോധക്കാരനും നായകനുമൊക്കെയായിരുന്ന മാള്‍ഡീനി ബൂട്ടഴിക്കുന്നതിനെ കുറിച്ചു ചിന്തിച്ചിരിക്കുകയാണ്.

ഈ സീസണ്‍ അവസാനിക്കുന്നതോടെ കളിക്കളം വിടാനിരിക്കുന്ന മാള്‍ഡീനിക്ക് അര്‍ഹമായ യാത്രയയപ്പ് നല്‍കാന്‍ സീസണീലെ അവസാന മത്സരങ്ങളിലേക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കു ആയിരുന്നു‍. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിനിടയില്‍ താരത്തിനു പരുക്കേറ്റത് തിരിച്ചടിയായി. സീസണീലെ അടുത്ത അഞ്ചു മത്സരങ്ങളിലെങ്കിലും മാള്‍ഡീനിക്കു പുറത്തിരിക്കേണ്ടി വരും. ഫലത്തില്‍ മാല്‍ഡീനിയുടെ കളിക്ക് വിരാമമായെന്ന് തന്നെ.

ഈ ഇതിഹാസ ഡിഫന്‍ഡര്‍ കളി തുടങ്ങിയത് 1985 ജനുവരി 20 മുതലായിരുന്നു. പതിനാറാം വയസ്സില്‍ പകരക്കാരനായി യുഡീനീസിനെതിരെയാണ് മാള്‍ഡീനി കളത്തില്‍ എത്തുന്നത്. അഞ്ച് ചാമ്പ്യന്‍‌സ് ലീഗ് കിരീടങ്ങളിലും രണ്ട് ലോക ചാമ്പ്യന്‍‌‌ഷിപ്പ് കിരീടങ്ങളിലും ഒരു കോപ്പാ ഇറ്റാലിയ കപ്പിലും മള്‍ഡീനി പങ്കാളിയായി.

നാല് ലോകകപ്പിലും മൂന്ന് യൂറോപ്യന്‍ ചാമ്പ്യന്‍‌‌ഷിപ്പുകളിലും കളിച്ച മാള്‍ഡീനി ക്ലബ്ബിനായി 606 മത്സരങ്ങളും രാജ്യത്തിനായി 126 മത്സരങ്ങളിലുമാണ് കളിച്ചത്. ക്ലബ്ബിനായി 30 ഗോളുകളും രാജ്യത്തിനായി ഏഴ് ഗോളുകളും അടിച്ചിട്ടുള്ള മള്‍ഡീനി ഈ തലമുറയിലെ ഏറ്റവും മികച്ച പ്രതിരോധക്കാരനായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

പോര്‍ച്ചുഗീസ് ചരിത്രത്തിലെ തന്നെ മികച്ച മിഡ് ഫീല്‍ഡര്‍മാരില്‍ ഒരാളായ ലൂയിസ് ഫിഗോയും കരിയറിന്‍റെ സായാഹ്ന്നത്തിലൂടെയാണ് നീങ്ങുന്നത്. ഈ സീസണില്‍ ഇന്‍റര്‍മിലാനുമായി കരാര്‍ അവസാനിക്കാന്‍ പോകുന്ന ഫിഗോ ഇറ്റാലിയന്‍ സീരി എ അവസാന ഘട്ടത്തില്‍ എത്തുമ്പോള്‍ പരുക്കിന്‍റെ പിടിയിലായി. കഴിഞ്ഞ ഇറ്റാലിയന്‍ കപ്പ് ഒന്നാം പാദ സെമിയില്‍ താരം പരുക്കേറ്റ് പുറത്തായിരുന്നു. ഇത് താരത്തിന്‍റെയും അവസാന മത്സരമായി പരിഗണിക്കാം

അതേ സമയം താരവുമായി കരാര്‍ നീട്ടാനുള്ള സാധ്യതകളും തള്ളിക്കളയാനാകുന്നില്ല. ഇന്‍റര്‍ പ്രസിഡന്‍ഡ് മാസിമോ മൊറാറ്റി താരത്തെ ഏതാനും വര്‍ഷം കൂടി ക്ലബ്ബില്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നയാളാണ്. എന്നാല്‍ പരിശീലകന്‍ റോബര്‍ട്ടോ മന്‍സീനി താരവുമായി അത്ര നല്ല ചേര്‍ച്ചയല്ല താനും. ചാമ്പ്യന്‍‌സ് ലീഗ് ഫുട്ബോളിന്‍റെ പ്രീ ക്വാര്‍ട്ടറിലെ ആദ്യ പാദ മത്സരത്തില്‍ ലിവര്‍പൂളിനെതിരെ പകരക്കാരനായെത്താന്‍ ഫിഗോ വിസമ്മതിച്ചിരുന്നു.