ബുദ്ധ സംസ്കാരം ലോകത്തിന് മുന്നില്‍ ഒരു വലിയ പാഠപുസ്തകമാണ്. അഹിംസയുടെയും ത്യാഗത്തിന്‍റെയും ആ മഹത് സന്ദേശങ്ങള്‍ ഇപ്പോഴും നിര്‍ഗമിക്കുന്ന ലോകത്തിലെ ഏക ഇടമാണ് സാരനാഥ്. ബദ്ധന്‍റെ മുഖത്തെ ശാന്തതയാണ് ഇവിടത്തെ വായുവിന്.
ബോധഗയയില്‍ വച്ച് ബുദ്ധന് ജ്ഞാനമാര്‍ഗം ലഭിച്ചതിന് ശേഷം അദ്ദേഹം ആദ്യം വന്നത് സാരനാഥിലേക്കായിരുന്നത്രെ. ഇവിടെ വച്ചാണ് ആ മഹാനുഭാവന്‍ ആദ്യമായി ജനങ്ങള്‍ക്ക് ധര്‍മ്മ സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കിയത്. പവിത്രമായതെന്ന് ബുദ്ധന്‍ തന്‍റെ പിന്‍ഗാമികള്‍ക്ക് നിര്‍ദേശിച്ച നാല് സ്ഥലങ്ങളിലൊന്നാണ് സാരനാഥ്. വാരണാസിയില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയാണിത്. മൃഗദാവ, ഋഷിപട്ടണം എന്നീ പേരുകളിലും സാരനാഥ് അറിയപ്പെടുന്നു.
ബുദ്ധ സംസ്കാരത്തിന്‍റെ സൂചകങ്ങളായ നിരവധി പ്രതിമകളും സ്തൂപങ്ങളുമാണ് സാരനാഥിനെ വ്യത്യസ്തമാക്കുന്നത്. ചൌക്കണ്ടി സ്തൂപമാണ് സാരനാഥിലെത്തുന്ന സഞ്ചാരിയുടെ ശ്രദ്ധയെ ആദ്യം ആകര്‍ഷിക്കുന്നത്. ഇഷ്ടികകൊണ്ട് നിര്‍മ്മിച്ച ഈ സ്തൂപം എട്ട് മുഖങ്ങളുള്ള ഒരു കെട്ടിടത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു. അശോക ചക്രവര്‍ത്തിയാണ് ഇത് പണികഴിച്ചതെന്നാണ് കരുതപ്പെടുന്നത്.
സിലിണ്ടര്‍ ആകൃതിയിലുള്ള ധാമെക് സ്തൂപമാണ് സാരനാഥിലെ മറ്റൊരാകര്‍ഷണം. 28 മീറ്റര്‍ ഉയരവും 43.6 മീറ്റര്‍ വ്യാസവുമുണ്ട് ഈ സ്തൂപത്തിന്. ഗുപ്ത കാലഘട്ടത്തിലെ പലതരം ചുമര്‍ചിത്രങ്ങള്‍ ഈ സ്തൂപത്തെ മനോഹരമാക്കുന്നു. മഹാബോധി സൊസൈറ്റി പുനര്‍നിര്‍മ്മാണം നടത്തിയ മൂലഗന്ധകട്ടി വിഹാര്‍ ആരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. ബുദ്ധ സാഹിത്യത്തിന്‍റെ കലവറയാണ് ഈ ക്ഷേത്രം.
സാരാനാഥ് പുരാവസ്തു മ്യൂസിയത്തില്‍ പലതരത്തിലുള്ള ചിത്രങ്ങളും കൊത്തുപണികളും സഞ്ചാരികള്‍ക്ക് ദര്‍ശിക്കാനാവും. ബുദ്ധസംകാരത്തിന്‍റെയും ഗുപ്ത സാമ്രാജ്യത്തിന്‍റെയും കലാ സാഹിത്യ പാടവങ്ങള്‍ ഇവിടെ പ്രകടമാണ്. വെള്ളിയാഴ്ച ഒഴികെയുള്ള മറ്റെല്ലാ ദിവസവും ഈ മ്യൂസിയം സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കാറുണ്ട്. ഇന്ത്യയുടെ ദേശീയ ചിഹ്നം അതിന്‍റെ യഥാര്‍ത്ഥ രൂപത്തില്‍ സഞ്ചാരികള്‍ക്ക് ഇവിടെ കാണാനാകും.
ധര്‍മ്മരാജിക സ്തൂപം, ലയണ്‍ ക്യാപിറ്റല്‍, സദ്ധാര്‍മ്മ ചക്ര വിഹാര്‍ എന്നിവയാണ് സാരനാഥിലെ മറ്റ് ആകര്‍ഷണങ്ങള്‍.