തലയെടുപ്പോടെ ഗോല്‍ക്കൊണ്ട

PRO
‘കോട്ടകളുടെ നഗരം'എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ഗോല്‍ക്കൊണ്ടയെ ദക്ഷിണേന്ത്യയുടെ വിനോദ സഞ്ചാര ഭൂപടത്തില്‍ അവഗണിക്കാനാവില്ല. ആന്ധ്രപ്രദേശിന്‍റെ തലസ്ഥാനമായ ഹൈദരാബാദില്‍ നിന്നും 11 കിലോമീറ്റര്‍ പടിഞ്ഞാറുമാറിയാണ് മനോഹരമായ ഈ കോട്ട സമുച്ചയം സ്ഥിതി ചെയ്യുന്നത്.

പ്രധാനമായും എട്ട് കവാടങ്ങള്‍ (ദര്‍വാസ) ആണ് കോട്ടയ്ക്കുള്ളത്. പ്രധാന കവാടമായ ഫച്ച് ദര്‍വാസയുടെ വാതിലിന് 13 അടി വീതിയും 25 അടി ഉയരവും! മനോഹരമായ കൊത്തുപണികളാല്‍ അലംകൃതമാണ് ഈ കവാടം. കോട്ടയിലെ നാദ ശ്രവണ സംവിധാനം ആധുനിക എഞ്ചിനീയര്‍മാരെപ്പോലും അമ്പരപ്പിക്കുന്നു. ഏറ്റവും അടിയിലുള്ള കവാടങ്ങളിലെ ഒരു കയ്യടി ശബ്ദം പോലും ഒരു കിലോമീറ്ററോളം ഉയരത്തിലുള്ള ബാല ഹിസാറില്‍ കേള്‍ക്കത്തക്കവണ്ണമാണ് ഇതിന്‍റെ നിര്‍മ്മിതി.

പതിമൂന്നാം നൂറ്റാണ്ടിലാണ് ഈ കോട്ടയുടെ നിര്‍മ്മാണം നടന്നതെന്നാണ് വിശ്വാസം. കാകത്യാസ് വംശജരായിരുന്നു ദക്ഷിണേന്ത്യയുടെ ഈ ഭാഗത്ത് അന്ന് ഭരണം നടത്തിയിരുന്നത്. മണ്ണുകൊണ്ടാണ് ഈ കോട്ട ആദ്യം പണികഴിപ്പിച്ചത്. പിന്നീട് പതിനാറാം നൂറ്റാണ്ടിലും പതിനേഴാം നൂറ്റാണ്ടിലും പ്രദേശത്ത് ഭരണം നടത്തിയ ക്വത്തബ് ഷാഹി രാജാക്കന്‍‌മാരുടെ ഭരണകാലത്താണ് ഇത് കല്ലില്‍ പുനര്‍‌നിര്‍മ്മിച്ചത്. പുനര്‍നിര്‍മ്മാണത്തിന് ഏതാണ്ട് 62 വര്‍ഷം വേണ്ടി വന്നതായി ചരിത്രം സാക്‍ഷ്യപ്പെടുത്തുന്നു.

PRO
നാല് പ്രധാന കോട്ടകളുടെ ഒരു സമുച്ചയമാണ് ഗോല്‍ക്കൊണ്ട. രാജകീയ പ്രൌഢിയും നിര്‍മ്മാണ വൈഭവവുമാണ് ഗോല്‍ക്കൊണ്ട കോട്ടയെ വേറിട്ട് നിര്‍ത്തുന്നത്. ഒറ്റപ്പെട്ട ഒരു ഗ്രാനൈറ്റ് കുന്നിന്‍റെ മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ട ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്ന് ഏതാണ്ട് 400 അടി ഉയരത്തിലാണ്. കോട്ടയ്ക്ക് ചുറ്റും ഗ്രാനൈറ്റില്‍ പണിതീര്‍ത്ത മതിലുകള്‍ ആരെയും അല്‍‌ഭുതപ്പെടുത്തും. 17 അടി മുതല്‍ 34 അടി വരെ കനത്തില്‍ നിര്‍മ്മിച്ച ഈ മതിലിന് ഏതാണ്ട് ഏഴ് കിലോമീറ്റര്‍ നീളമാണുള്ളത്. മതിലില്‍ 87 ഭാഗത്തായി അര്‍ദ്ധ വൃത്താകൃതിയിലുള്ള കൊത്തളങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു. മതിലിനോട് ചേര്‍ന്ന് ആഴത്തിലുള്ള കിടങ്ങുകളും പണിതിട്ടുണ്ട്.

ഹിന്ദു കാകത്യാസ് വിഭാഗവും മുസ്ലീം ക്വത്തബ് ഷാഹിബ് വിഭാഗവും തങ്ങളുടെ രാജധാനിയായി ഈ കോട്ട ഉപയോഗപ്പെടുത്തിയതിനാല്‍ ഒരു സങ്കര സംസ്കാരത്തിന്‍റെ എല്ലാ സവിശേഷതകളും ഇവിടെ ദൃശ്യമാണ്. കോട്ടയ്ക്കകത്ത് ഒരു വലിയ മന്ദിരം, ഒരു പള്ളി, ഒരു പരേഡ് മൈതാനം, ഒരു ആയുധ ശാല, ജയില്‍, മറ്റ് നിരവധി കെട്ടിടങ്ങള്‍ എന്നിവയുണ്ട്. സുല്‍ത്താനെ അറിയിക്കാതെ പ്രദേശത്ത് ഒരു ക്ഷേത്രം നിര്‍മ്മിച്ചതിന് ഭക്തകവിയായ രാം‌ദാസിനെ തടവില്‍ പാര്‍പ്പിച്ചിരുന്നത് ഈ കോട്ടയ്ക്കകത്തുള്ള ജയിലിലായിരുന്നത്രെ.

കോട്ടയുടെ പുറം മതിലിന് ഒരു കിലോമീറ്റര്‍ വടക്കായുള്ള ക്വത്തബ് ഷാഹിയുടെ ശവകുടീരവും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ്. കാലത്തിന്‍റെ പ്രയാണത്തെ അതിജീവിച്ചുകൊണ്ട് ഈ കോ‍ട്ട ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നു.