വി.കെ കൃഷ്ണമേനോന്‍ എന്ന അഗ്നിപര്‍വതം

Webdunia
ആ അഗ്നിപര്‍വതം കെട്ടടങ്ങി - വി കെ കൃഷ്ണമേനോന്‍ അന്തരിച്ചപ്പോള്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പറഞ്ഞതാണീ വാക്കുകള്‍. 1974 ഒക്ടോബര്‍ ആറിനാണ് അദ്ദേഹം അന്തരിച്ചത് .

കൃഷ്ണ മേനോന്‍റെ ജീവിതപ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്നത് നയാഗ്രയെ ഫ്ളാസ്കില്‍ ഒതുക്കാന്‍ ശ്രമിക്കുന്നത് പോലെയാണ് എന്ന് മുന്‍ രാഷ്ട്രപതി ആര്‍ വെങ്കട്ടരാമന്‍ പറഞ്ഞത് എത്ര ശരി. അത്രയ്ക്ക് സംഭവബഹുലമായിരുന്നു, തീക്ഷ്ണവും ശക്തവുമായിരുന്നു ആ ജീവിതം.

കോഴിക്കോട്ടെ പന്നിയങ്കരയില്‍ നിന്നും അദ്ദേഹം വിശ്വപൗരനായി വളര്‍ന്നു ആരേയും കൂസാത്ത ഓറ്റയാനായി നില നിന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി വിദേശത്തും നാട്ടിലും പ്രവര്‍ത്തിച്ചു.

പ്രക്ഷോഭരംഗത്തും നയതന്ത്രരംഗത്തും ഭരണരംഗത്തും പ്രാഗത്ഭ്യത്തിന്‍റെ മുദ്ര പതിപ്പിച്ചു. വാഗ്വാദങ്ങള്‍ക്കും തര്‍ക്ക വിഷയങ്ങള്‍ക്കും വഴിമരുന്നിട്ടു .

വിവാദപുരുഷനായിത്തീരുക, മിത്രങ്ങളേയും ആരാധകരേയും എന്നപോലെ എതിരാളികളെയും സൃഷ്ടിച്ചു കൊണ്ടിരിക്കുക, ആരെയും കൂസാതെ അമിതപ്രഭാവം കൊണ്ടുമാത്രം ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടുക - ഇതൊക്കെ സാധിച്ച അസാധാരണനാണ് വി.കെ.കൃഷ്ണമേനോന്‍.


ആനി ബസന്‍റിന്‍റെ അനുയായി; ലാസ്കിയുടെ ശിഷ്യന്‍

കോഴിക്കോട്ട് പന്നിയങ്കരയില്‍ 1896 മെയ് മൂന്നിനു തലശ്ശേരി ബാറിലെ അഭിഭാഷകനും കടത്തനാട്ട് രാജാവിന്‍റെ മകനുമായ കൃഷ്ണക്കുറുപ്പിന്‍റേയും വെങ്ങാലില്‍ ലക്ഷ്മിക്കുട്ടിയമ്മയുടേയും മൂന്നാമത്തെ മകനായി ജനിച്ചു.

കൃഷ്ണ മേനോന്‍ മദ്രാസ് പ്രസിഡന്‍സി കോളജില്‍ പഠിക്കുന്ന കാലത്തുതന്നെ ഡോ.ആനിബസന്‍റ് നേതൃത്വം നല്‍കിയ തിയോസൊഫിക്കല്‍ സൊസൈറ്റിയുടെയും ഹോംറൂള്‍ ലീഗിന്‍റെയും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു.

ഡോ.ആനിബസന്‍റ്, ഡോ.അരുണ്ഡേല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ എര്‍പ്പെട്ടും ബോയ്സ്കൗട്ട് പ്രസ്ഥാനത്തില്‍ സജീവമായി ഏര്‍പ്പെട്ടും കഴിയവേ, മേനോന് ഇംഗ്ളണ്ടില്‍ പോയി പഠിക്കാന്‍ സൗകര്യം കിട്ടി.

1927 ല്‍ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് ബിരുദം നേടി. സുപ്രസിദ്ധ സോഷ്യലിസ്റ്റ് ചിന്തകനായ പ്രൊഫസര്‍ ഹാരോള്‍ഡ് ലാസ്കിയായിരുന്നു ഗുരുനാഥന്‍.


ഇന്ത്യയുടെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്‍റെ സന്ദേശം ഇംഗ്ളണ്ടിലും പ്രചരിപ്പിക്കന്‍ ലാസ്കിയുടെ സഹായത്തോടെ കൃഷ്ണമേനോന്‍ ഇന്ത്യാലീഗ് സ്ഥാപിച്ചു. ലേബര്‍ പാര്‍ട്ടിക്കകത്ത് ഇന്ത്യയ്ക്കനുകൂലമായ ചിന്താഗതി വളര്‍ത്താന്‍ ലാസ്കി-മേനോന്‍ കൂട്ടുകെട്ട് വളരെ പ്രയോജനപ്പെട്ടു.

ബ്രിട്ടനില്‍ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഹൈക്കമ്മീഷണര്‍ മേനോനായിരുന്നു. ചില അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ ആ സ്ഥാനം വിടേണ്ടിവന്ന മേനോന്‍ ഐക്യരാഷ്ട്രസംഘടനയില്‍ ഇന്ത്യന്‍ പ്രതിനിധിസംഘത്തില്‍ അംഗവും പിന്നീട് നേതാവുമായി. കശ്മീര്‍ പ്രശ്നത്തെപ്പറ്റി ചെയ്ത സുദീര്‍ഘമായ പ്രസംഗം റെക്കോര്‍ഡ് സൃഷ്ടിച്ചു.

ഹൈക്കമ്മീഷണര്‍ - കേന്ദ്ര മന്ത്ര ി

കേന്ദ്രമന്ത്രിസഭയില്‍ ആദ്യം വകുപ്പില്ലാമന്ത്രിയായും ആരോഗ്യമന്ത്രിയുമായ മേനോന്‍ പിന്നീടു പ്രതിരോധമന്ത്രിയായി. ഇന്ത്യാ-ചൈന യുദ്ധത്തെ തുടര്‍ന്ന്, പ്രതിപക്ഷവും ഭരണകക്ഷിയില്‍ ഒരു വിഭാഗവും ഒളിഞ്ഞും തെളിഞ്ഞും സംയുക്തമായി നടത്തിയ ആക്രമണത്തെ തുടര്‍ന്നു മേനോന്‍ രാജിവച്ചു. അതിനുശേഷം ഇദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് അകന്നു.

വടക്കന്‍ ബോംബയില്‍ 1962 ല്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മേനോനെ എതിര്‍ക്കാന്‍ ആചാര്യ കൃപലാനിയെയാണ് എതിര്‍പക്ഷം നിര്‍ത്തിയത്. പക്ഷെ മേനോന്‍ രണ്ടുലക്ഷം വോട്ട് അധികം നേടി വിജയിച്ചു.

എന്നാല്‍ വീണ്ടും അവിടെ നിന്നപ്പോള്‍ ശിവസേനയുടെയും മറ്റും സംഘടിതമായ എതിര്‍പ്പില്‍ മേനോന്‍ തോറ്റുപോയി. 1969 ല്‍ തിരുവനന്തപുരത്ത് മത്സരിച്ച് അദ്ദേഹം ജയിച്ചു ലോക്സഭയിലെത്തി.

പെംഗിന്‍-പെലിക്കന്‍ ഗ്രന്ഥപരമ്പരകളുടെ സംവിധായകന്‍, എഡിറ്റര്‍, പ്രസാധകന്‍ എന്നീ നിലകളില്‍ ഇംഗ്ളീഷ് സാഹിത്യരംഗത്തും കൃഷ്ണമേനോന്‍ അംഗീകാരം നേടിയിട്ടുണ്ട്