ലാല്‍ ബഹാദൂര്‍ ശാസ്ത്രിയെ ഓര്‍ക്കുമ്പോള്‍

Webdunia
ജനനം:1904 ഒക്റ്റോബര്‍ 2 ,മരണം 1966 ജനുവരി 10

ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായ ലാല്‍ ബഹാദുര്‍ ശാസ്ത്രിയുടെ നൂറാം ജന്മദിനമാമായിരുന്നു 2004 ഒക്ടോബര്‍ 2.

സ്വാതന്ത്യ സമര സേനാനിയും സ്വതന്ത്ര ഇന്ത്യയിലെ റയില്‍വേ, ആഭ്യന്തര വകുപ്പുകളുടെ മന്ത്രിയും ആയശേഷമാണ് ശാസ്ത്രി 1964 ജൂണ്‍ ഒന്‍പതിന് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. 1966 ജനുവരി പത്തിന് സോവിയറ്റ് യൂണിയനിലെ താഷ്കന്‍റില്‍ ഐതിഹാസികമായ കരാറില്‍ ഒപ്പിട്ടശേഷം ശാസ്ത്രി ഉറക്കത്തില്‍ അന്തരിച്ചു.

ചെറുപ്പത്തിലേ അനാഥത്വത്തോട് പടപൊരുതി ഇന്ത്യയുടെ പ്രധാനമന്ത്രി വരെ ആയ സംഭവ ബഹുലമായ ജീവിതമാണ് സൗമ്യനും ശാന്തശീലനും എങ്കിലും ദൃഢചിത്തനായ ലാല്‍ ബഹാദുര്‍ ശാസ്ത്രി എന്ന കുറിയ മനുഷ്യന്‍റേത്.

1964 മെയ് 27 ന് ജവഹര്‍ ലാല്‍ നെഹ്റു പെട്ടെന്ന് അന്തരിച്ചപ്പോള്‍ ഇനിയാര് എന്നൊരു ചോദ്യം സ്വാഭാവികമായി ഉണ്ടായി. മൊറാര്‍ജിയുടെയും ഇന്ദിരയുടെയും മറ്റും പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും ലാല്‍ ബഹാദുര്‍ ശാസ്ത്രിയായിരുന്നു അന്ന് എല്ലാവര്‍ക്കും സമ്മതനായ വ്യക്തി.

1904 ഒക്ടോബര്‍ രണ്ടിന് ഉത്തര്‍ പ്രദേശില്‍ കാശിക്ക് ഏഴു കിലോമീറ്റര്‍ അകലെയുള്ള മുഗള്‍ സരായിയിലാണ് ലാല്‍ ബഹാദുര്‍ ശ്രീവാസ്തവ എന്ന ശാസ്ത്രി ജനിക്കുന്നത്. ശ്രീവാസ്തവ എന്ന ജാതിപ്പേര് ഉപേക്ഷിക്കുകയും ശാസ്ത്രി എന്ന ബിരുദം തന്‍റെ പേരിനോട് ചേര്‍ക്കുകയും ചെയ്ത അദ്ദേഹം അക്കാലത്തു തന്നെ മാതൃകാ പുരുഷനായി.

1955 ല്‍ കേന്ദ്ര റയില്‍വേ മന്ത്രിയായിരിക്കുമ്പോള്‍ തമിഴ് നാട്ടിലെ അരിയല്ലൂരില്‍ 144 പേരുടെ മരണത്തിനിടയാക്കിയ റയില്‍ അപകടത്തിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രിസ്ഥാനം രാജിവച്ചും ശാസ്ത്രി മാതൃകകാട്ടി. ആകാരത്തിലെ കുറവുകൊണ്ട് അദ്ദേഹം രാഷ്ട്രീയക്കാര്‍ക്കിടയില്‍ ആദ്യമൊക്കെ കുരുവി എന്നാണ് അറിയപ്പെട്ടിരുന്നത്.


ശാസ്ത്രി- ജീവിതരേ ഖ

1904 ഒക്ടോബര്‍ രണ്ടിന് മുഗള്‍സരായില്‍, കര്‍ഷക കുടുംബത്തിലായിരുന്നു ശാസ്ത്രിയുടെ പിറവി. അച്ഛന് പക്ഷെ, ചെറിയൊരു സര്‍ക്കാര്‍ ഉദ്യോഗമുണ്ടായിരുന്നു. അദ്ദേഹം ശാസ്ത്രിക്ക് ഒരു വയസ്സുള്ളപ്പോള്‍ മരിച്ചു. പിന്നീട് ആറാം ക്ളാസ്സുവരെ മുത്തശ്ശനോടൊപ്പമാണ് വളര്‍ന്നത്.

അതിനുശേഷം പ്രശസ്തമായ കാശി വിദ്യാപീഠത്തില്‍ ചേര്‍ന്ന് ശാസ്ത്രി ബിരുദം നേടി. വലിയ അഭിമാനിയായിരുന്നു കുട്ടിയായ ലാല്‍ബഹാദുര്‍. ഗംഗ കുറുകെ കടക്കാന്‍ പണമില്ലാതെ വന്നപ്പോള്‍ പലവുരു അദ്ദേഹം അതു നീന്തിക്കടന്നിട്ടുണ്ട്. ഈ നിശ്ഛയദാര്‍ഢ്യമാണ് ഭാവിയിലും ശാസ്ത്രിയുടെ നീക്കങ്ങള്‍ക്ക് കരുത്തു പകര്‍ന്നത്.

1921 ല്‍ ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥനവുമായി ബന്ധപ്പെട്ടാണ് ശാസ്ത്രി സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയാവുന്നത്. അദ്ദേഹം ഏതാണ്ട് ഒന്‍പതു കൊല്ലം ജയില്‍ വാസം അനുഭവിച്ചു. 1940 ല്‍ സത്യഗ്രഹ സമരം ആരംഭിച്ചതില്‍ പിന്നെ 1946 വരെ അദ്ദേഹം പലതവണ ജ-യിലിലായിരുന്നു.

1947 ല്‍ ഗോവിന്ദ് വല്ലഭായി പന്തിന്‍റെ മന്ത്രാലയത്തില്‍ പൊലീസിന്‍റെ ചുമതലയുള്ള മന്ത്രിയായിട്ടാണ് ശാസ്ത്രിയുടെ തുടക്കം. 1951 ല്‍ അദ്ദേഹം ലോക്സഭയുടെ ജനറല്‍ സെക്രട്ടറിയായി. ഗോവിന്ദ് വല്ലഭായി പന്ത് 1952 ല്‍ മരിച്ചപ്പോള്‍ ശാസ്ത്രി റയില്‍വേയുടെ ചുമതലയുള്ള മന്ത്രിയായി.

റയില്‍വേ അപകടത്തെ തുടര്‍ന്ന് രാജിവച്ചെങ്കിലും പിന്നീട് രാജ്യസഭാംഗമായ ശാസ്ത്രിയെ നെഹ്റു പിന്നീട് വീണ്ടും മന്ത്രിയാക്കി. പിന്നീടു നടന്ന പൊതു തെരഞ്ഞെടുപ്പിനു ശേഷം അദ്ദേഹം ഗതാഗതമന്ത്രിയും 1961 ല്‍ ആഭ്യന്തരമന്ത്രിയുമായി. 1964 ജൂണ്‍ ഒന്‍പതു മുതല്‍ 1966 ജനുവരി 11 വരെ ആയിരുന്നു അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി പ്രവര്‍ത്തിച്ചത്



ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ പാകിസ്ഥാന്‍റെ കടന്നുകയറ്റവും നുഴഞ്ഞുകയറ്റവും ആയിരുന്നു ശാസ്ത്രിക്ക് നേരിടേണ്ടിവന്ന ആദ്യത്തെ പ്രശ്നം. ഐക്യരാഷ്ട്രസഭയുടെ ഒത്തുതീര്‍പ്പിനെ തുടര്‍ന്ന് വെടിനിര്‍ത്തിയെങ്കിലും പാകിസ്ഥാന്‍ ജ-മ്മുകശ്മീരില്‍ വീണ്ടും കുഴപ്പങ്ങളുണ്ടാക്കി വീണ്ടുമൊരു യുദ്ധത്തിനു വഴിവച്ചു.

താന്‍ വലിപ്പത്തില്‍ ചെറിയ ആളാണെങ്കിലും അടിയറവു പറയുന്നവനല്ല എന്ന് ശാസ്ത്രി തെളിയിച്ചു. തിരിച്ചടിച്ച് മുന്നേറിയ ഇന്ത്യന്‍ പട്ടാളം ലാഹോര്‍ പിടിച്ചടകക്കും എന്നായപ്പോഴാണ് വെടിനിര്‍ത്തല്‍ ഉണ്ടായത്.

സോവിയറ്റ് പ്രധാനമന്ത്രിയായിരുന്നു കൊസീഗന്‍റെ ക്ഷണപ്രകാരം ശാസ്ത്രിയും പാക് പ്രധാനമന്ത്രി മുഹമ്മദ് അയൂബ്ഖാനും താഷ്കന്‍റ് ഉച്ചകോടിയില്‍ പങ്കെടുക്കുകയും അവിടെ വച്ച് 1966 ജ-നുവരി പത്തിന് താഷ്കന്‍റ് ഉടമ്പടിയില്‍ ഒപ്പുവയ്ക്കുകയും ചെയ്തു.

നിര്‍ഭാഗ്യവശാല്‍ അന്ന് അര്‍ദ്ധരാത്രി ശാസ്ത്രി ഉറക്കത്തില്‍ ഹൃദ്രോഗം മൂലം അന്തരിച്ചു. ഇതൊരു ആസൂത്രിത കൊലപാതകമാണ് എന്ന് അന്നു ചില സംശയങ്ങളുണ്ടായിരുന്നു.

ജയ് ജവാന്‍ ജയ് കിസാന്‍ എന്ന പ്രശസ്തമായ മുദ്രാവാക്യം ശാസ്ത്രിയുടെ വകയായിരുന്നു. അദ്ദേഹം കേന്ദ്രമന്ത്രിയായിരിക്കുമ്പോള്‍ പോലും വാടക വീട്ടിലായിരുന്നു നാട്ടില്‍ (അലഹാബാദില്‍) താമസിച്ചിരുന്നത്. അന്ന് ഹോം ഇല്ലാത്ത ഹോം മിനിസ്റ്റര്‍ എന്ന് അദ്ദേഹത്തെക്കുറിച്ച് പറയാറുണ്ടായിരുന്നു. .

ഇന്ത്യയുടെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിലാണ് രാഷ്ട്രിക്ക് പ്രധാനമന്ത്രി പദം അലങ്കരിക്കേണ്ടിവന്നത്. പക്ഷെ അദ്ദേഹത്തിന്‍റെ ഓരോ നീക്കവും ഇന്ത്യയുടെ കരുത്തും ആത്മാഭിമാനവും വാനോളം ഉയര്‍ത്തുകയും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ മതിപ്പു നേടാന്‍ സഹായിക്കുകയും ചെയ്തു.