ദാദാബായി - ഇന്ത്യയുടെ മഹാനായ വൃദ്ധന്‍

Webdunia
ചൊവ്വ, 14 ഓഗസ്റ്റ് 2007 (18:52 IST)
FILEFILE

ബ്രിട്ടീഷ് പാര്‍ലമെന്‍റിലേക്ക് ഇംഗ്ളണ്ടില്‍ നിന്ന് മത്സരിച്ചു ജയിച്ച ആദ്യത്തെ ഭാരതീയനും ഏഷ്യക്കാരനുമാണ് ദാദാബായി നവറോജി.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി നാട്ടിലും ഇംഗ്ളണ്ടിലും അക്ഷീണം പോരാടിയ ദാദാബായി അറിയപ്പെടുന്നത് ഇന്ത്യയുടെ മഹാനായ വൃദ്ധന്‍ എന്ന പേരിലാണ്.

1825 സെപ്തംബര്‍ 4 ന് ബോംബയിലാണ് അദ്ദേഹം ജനിച്ചത് - അന്തോര്‍ന്നന്‍ പാഴ്സി പുരോഹിതന്‍റെ മകനായി.

നവറോജി പാലന്‍ജി ദോര്‍ദിയും മനേക് ബായിയും ആയിരുന്നു മാതാപിതാക്കള്‍. നാലാം വയസ്സില്‍ അച്ഛന്‍ മരിച്ചതോടെ കുടുംബം ദാരിദ്ര്യത്തിലായിരുന്നു. അമ്മ വളരെ കഷ്ടപ്പെട്ടാണ് ദാദാബായിയെ വളര്‍ത്തിയത്. പതിനൊന്നാം വയസ്സില്‍ അദ്ദേഹം ഗുലാബിയെ വിവാഹം കഴിച്ചു.

എല്‍ഫിംഗ്സ്റ്റണ്‍ ഇന്‍സ്റ്റിറ്റൂട്ടിന്‍റെ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. ഇത് അദ്ദേഹത്തിന്‍റെ ജീവിതത്തിലൊരു വഴിത്തിരിവായിരുന്നു. അവിടെ അദ്ധ്യാപകനായി ജോലി ലഭിച്ച നവറോജി ഇരുപത്തഞ്ചാം വയസ്സില്‍ അസിസ്റ്റന്‍റ് പ്രൊഫസറും ഇരുപത്തേഴാം വയസ്സില്‍ (1855) കണക്കിന്‍റെയും നാച്വറല്‍ ഫിലോസഫിയുടെയും പ്രൊഫസറുമായി പ്രവര്‍ത്തിച്ചു.

1867 ലാണ് അദ്ദേഹം രാഷ്ട്രീയത്തിലാകൃഷ്ടനായത്. 1874 ല്‍ അദ്ദേഹം ബറോഡാ രാജാവിന്‍റെ പ്രധാനമന്ത്രിയായി പ്രവര്‍ത്തിച്ചു. മുപ്പതാം വയസ്സില്‍ നവറോജി ഇംഗ്ളണ്ടിലേക്ക് പോയി. അവിടത്തെ ലിബറല്‍ പാര്‍ട്ടിയില്‍ അംഗമായി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും എഴുത്തുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന പ്രവര്‍ത്തനം.


ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ആവശ്യമുന്നയിക്കുക, പൊതുജനാഭിപ്രായം രൂപീകരിക്കുക എന്നീ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതിനിടെ അദ്ദേഹം ഇംഗ്ളണ്ടില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. ആദ്യത്തെ തവണ പരാജയമായിരുന്നു ഫലം. എന്നാല്‍ 1892 ല്‍ സെന്‍ട്രല്‍ ഫിന്‍സ്ബറിയില്‍ നിന്ന് അദ്ദേഹം ഹൗസ് ഓഫ് കോമണ്‍സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

തന്‍റെ മണ്ഡലത്തെ മാത്രമല്ല ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനായി ദാഹിക്കുന്ന അന്നത്തെ 25 കോടി ജ-നങ്ങളെയും താന്‍ പ്രതിനിധീകരിക്കുന്നുവെന്ന് അദ്ദേഹം സധൈര്യം പ്രഖ്യാപിച്ചു. ഇന്ത്യയെ സാമ്പത്തികമായി ഊറ്റുന്ന ബ്രിട്ടീഷ് നയങ്ങള്‍ക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു.

പോവര്‍ട്ടി ആന്‍റ് അണ്‍ ബ്രിട്ടീഷ് റൂള്‍ ഇന്‍ ഇന്ത്യ എന്നൊരു പുസ്തകം 1901 ല്‍ അദ്ദേഹം എഴുതി. ഇന്ത്യയ്ക്കു വേണ്ടി മാത്രമല്ല ഐറിഷ് സ്വയംഭരണത്തിനു വേണ്ടിയും അദ്ദേഹം വാദിച്ചു. പക്ഷെ 1895 ലെ പൊതു തെരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടു.

ഇംഗ്ളണ്ടിലായിരുന്നപ്പോള്‍ പലതവണ അദ്ദേഹം ഇന്ത്യയില്‍ വന്നുപൊയ്ക്കൊണ്ടിരുന്നു. 1885-88 ല്‍ അദ്ദേഹം ബോംബെ നിയമസഭാ കൗണ്‍സിലില്‍ അംഗമായിരുന്നു. 1886 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അദ്ധ്യക്ഷനായി. 1893 ലും 1896 ലും നവറോജി കോണ്‍ഗ്രസ് പ്രസിഡന്‍റ് പദവി അലങ്കരിച്ചു.

1906 ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുന്നതിനിടയിലാണ് സ്വരാജ് എന്ന മുദ്രാവാക്യം നവറോജി ഉയര്‍ത്തിപ്പിടിച്ചത്. 1917 ജൂണ്‍ 30 ന് തൊണ്ണൂറ്റി രണ്ടാം വയസ്സിലാണ് നവറോജി അന്തരിച്ചത്.

അതിനു തൊട്ടുമുമ്പത്തെ വര്‍ഷം ബോംബെ സര്‍വകലാശാല അദ്ദേഹത്തെ ഡി-ലിറ്റ് നല്‍കി ആദരിച്ചു. ദ റൈറ്റ്സ് ഓഫ് ലേബര്‍ എന്നൊരു പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്.