ജീവിതം കൊണ്ടു പൊരുതിയ പഴശ്ശിരാജ

Webdunia
ചൊവ്വ, 14 ഓഗസ്റ്റ് 2007 (20:30 IST)
SASISASI

വിദേശ ശക്തികള്‍ക്കെതിരെ ജീവിതം കൊണ്ടു പൊരുതിയ പഴശ്ശിരാജ മലബാറിലെ പ്രാതസ്മരണീയനായ സ്വാതന്ത്ര്യസമര സേനാനിയാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരെ മലബാറില്‍ നടന്ന ആദ്യകലാപമായിരുന്നു പഴശ്ശിവിപ്ളവം.

വൈദേശികാധിപത്യത്തിന് എതിരായ സമരം നയിച്ച ഈ വീരയോദ്ധാവിനെ നാം - രാജ്യം - വേണ്ട വിധം മാനിച്ചിട്ടില്ല; അദ്ദേഹത്തിന്‍റെ സേവനം പുതിയ തലമുറ മനസ്സിലാക്കിയിട്ടുമില്ല.

മാനന്തവാടിയിലെ ചെറിയൊരു സ്മാരകവും, മ്യൂസിയവും, പുരളിമലയില്‍ പിന്‍മുറക്കാര്‍ തീര്‍ത്ത കൊച്ചു ക്ഷേത്രവും മാത്രമാണ് ഈ ഇതിഹാസ യോദ്ധാവിനുള്ള ബാക്കിയിരിപ്പുകള്‍

പഴശ്ശിയെ സ്മരിക്കുമ്പോള്‍ അദ്ദേഹത്തോടൊപ്പം പോരാടി മരിച്ച കുറിച്യ പടനായകന്‍ തലയ്ക്കല്‍ ചന്തു, മന്ത്രിയായിരുന്ന കൈതേരി അന്പു നായര്‍ എന്നിവരെ കൂടി നാം ഓര്‍ക്കണം.

ടിപ്പുവിന്‍റെ പടയോട്ടം തകര്‍ക്കാന്‍ കമ്പനി സൈന്യം ആദ്യം പഴശ്ശിയുടെ സൈനിക സേവനവും ചങ്ങാത്തവും പ്രയോജ-നപ്പെടുത്തിയിരുന്നു. പിന്നീടാണവര്‍ അദ്ദേഹത്തേയും ഒതുക്കാന്‍ തുനിഞ്ഞത്.

ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നയത്തിനെതിരെ ആയിരുന്നു ആദ്യഘട്ട പഴശ്ശി വിപ്ളവം. 1792-ല്‍ മലബാര്‍ പ്രവിശ്യയുടെ അധികാരം ഈസ്റ്റ് ഇന്ത്യാ കമ്പനിക്കു ലഭിച്ചു. അതോടെ ജനങ്ങള്‍ക്കുമേല്‍ പല ദ്രോഹപരമായ നികുതി നിര്‍ദേശങ്ങളും അടിച്ചേല്‍പിച്ചു.


ഇതിനെ എതിര്‍ത്ത നാട്ടുരാജാവായ പഴശ്ശി രാജാവിനെതിരെ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കാര്‍ കടുത്ത നടപടികളാണെടുത്തത്. കോട്ടയം താലൂക്കില്‍നിന്നു നികുതി പിരിക്കാനുള്ള പഴശ്ശി രാജാവിന്‍റെ അവകാശം വകവെക്കാതെ ആ പ്രദേശം അദ്ദേഹത്തിന്‍റെ അമ്മാവനു പാട്ടത്തിനു കൊടുത്തു.

അതോടെ പഴശ്ശിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ കലാപം തുടങ്ങി. പഴശ്ശിയെ വകവരുത്താന്‍ ബ്രിട്ടീഷ് സേനയും ശ്രമം തുടങ്ങി. ഇതിനായി വെല്ലസ്ളി തലശ്ശേരി സബ് കളക്ടറായിരുന്ന തോമസ് ആര്‍വേ ബാബറെയായിരുന്നു ചുമതലപ്പെടുത്തിയത്.

പഴശ്ശിയടക്കമുള്ള 12 പേരെ പിടിച്ചുകൊടുക്കാന്‍ സഹായിക്കുന്നവര്‍ക്ക് ബ്രിട്ടീഷ്സേന പാരിതോഷികം പ്രഖ്യാപിച്ചു.. പഴശ്ശി മരിച്ചപ്പോള്‍ സബ് കളക്ടര്‍ ബാബര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാറിന്‍റെ അഭിനന്ദനപത്രവും 2500 പഗോഡയും ലഭിച്ചു

പഴശ്ശിയെ പിടികൂടാന്‍ നാട്ടുകാര്‍ സഹായിച്ചതായും സൂചനകളുണ്ട്. കതിരൂര്‍ സൂര്യനാരായണക്ഷേത്രം ബാബറുടെ സഹായത്തോടെ പുതുക്കിപ്പണിതതായി ശിലാഫലകത്തില്‍ പറയുന്നു.

മലബാറില്‍ വടക്കന്‍ വയനാടിനോടു ചേര്‍ന്നു കിടക്കുന്ന പുരളിമലയുടെ അടിവാരത്തിലുള്ള മൂഴക്കുന്നിലായിരുന്നു പഴശ്ശിരാജയുടെ കുടുംബവും ബന്ധുക്കളും താമസിച്ചിരുന്നത്. തലശ്ശേരിക്കടുത്തുള്ള കോട്ടയം പഴശ്ശിയാണ് കേരളവര്‍മ പഴശ്ശിരാജയുടെ ജന്മസ്ഥലം.

കേരള ചരിത്രത്തിലെ സുവര്‍ണ ലിപികളില്‍ പഴശ്ശിയുടെ ജീവിതംഎക്കാലവും തെളിഞ്ഞു നില്‍ക്കും. അതുകൊണ്ടാണല്ലോ മരിച്ച് രണ്ട് നൂറ്റാണ്ട് പിന്നിടുമ്പോഴും അദ്ദേഹത്തെ നമ്മള്‍ ഓര്‍ക്കുന്നത്