കേരള ചലച്ചിത്രമേളയില്‍ 186 ചിത്രങ്ങള്‍

Webdunia
PROPRO
ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത്‌ അരങ്ങേറുന്ന കേരളത്തിന്‍റെ പതിമൂന്നാമത്‌ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ 186 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

അമ്പത്‌ വര്‍ഷം മുമ്പുള്ള ഏഴു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്‌ ഈ മേളയുടെ സവിശേഷതയായിരിക്കും. ഏഴു ചിത്രങ്ങളാണ്‌ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്‌.

പതിനാല്‌ ചിത്രങ്ങളാണ്‌ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. മലയാളത്തില്‍ നിന്ന്‌ കെ പി കുമാരന്‍റെ ‘ആകാശ ഗോപുര’വും എം ജി ശശിയുടെ ‘അടയാള’ങ്ങളുമാണ്‌ ഈ വിഭാഗത്തില്‍ ഉണ്ടാകുക.

ഫോക്കസ്‌ ഓണ്‍ റഷ്യ വിഭാഗത്തില്‍ അഞ്ച്‌ ചിത്രങ്ങളും റിട്രോസ്‌പെക്ടീവ്‌ വിഭാഗത്തില്‍ 15 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

അര്‍ജന്റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ ബിറി, ഇസ്രേലി സംവിധായകന്‍ അമോസ്‌ ഗിതായി, ആഫ്രിക്കന്‍ സംവിധായകന്‍ ഇദ്രിയ ഒയ്‌ഡുഗാവോ എന്നിവരുടെ ചിത്രങ്ങളാണ്‌ റിട്രോസ്‌പെക്ടീവ്‌ വിഭാഗത്തില്‍ ഉണ്ടാകുക.

റഷ്യന്‍ സംവിധായകനായ കരേന്‍ ഷക്‌നാ ഷഖോം, യുവ സംവിധായകനായ ഫാത്തിക്‌ അകന്‍ (ടര്‍ക്കി) ഫ്രഞ്ച്‌ നവസിനിമയുടെ വക്താവായ റെനെ, ജൂറി അംഗമായ സമീറ മക്‌ബല്‍ ബഫ്‌ എന്നിവരുടെ ചിത്രങ്ങളും പ്രത്യേക വിഭാഗത്തില്‍ ഉണ്ടാകും.
PROPRO

വിഖ്യാത ചലച്ചിത്രകാരന്മാര്‍ക്ക്‌ ആദരവ്‌ അര്‍പ്പിക്കുന്ന ട്രിബ്യൂട്ട്‌ വിഭാഗത്തില്‍ ഈജിപ്‌ഷ്യന്‍ സംവിധായകന്‍ യൂസഫ്‌ ഷഹേയ്‌നിന്‍റേയും അമേരിക്കന്‍ സംവിധായകന്‍ ജൂള്‍ഡ്‌ ഡാസിന്‍റേയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

മലയാളത്തിന്‍റെ പ്രിയപ്പെട്ട സംവിധായകന്‍ ഭരതന്‍റെ ചിത്രങ്ങളും ഈ വിഭാഗത്തില്‍ ഉണ്ട്‌.

ഇന്ത്യന്‍ മാസ്റ്റേഴ്‌സ്‌ വിഭാഗത്തില്‍ കേതന്‍ മേത്ത, ശ്യാം ബെനഗല്‍ ,ബുദ്ധദേവ്‌ ദാസ്‌ ഗുപ്‌ത എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ സിനി വിഭാഗത്തില്‍ അഞ്ച്‌ ചിത്രങ്ങളും മലയാള ചിത്രങ്ങളുടെ വിഭാഗത്തില്‍ ഏഴ്‌ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

ഭരത്‌ ഗോപി, കെ ടി മുഹമ്മദ്‌, പി എന്‍ മേനോന്‍, രഘുവരന്‍ എന്നിവരുടെ സ്‌മരണാര്‍ത്ഥം പ്രത്യേക ഹോമേജും മേളയിലുണ്ടാകും.

ഹൃസ്വ ചിത്രങ്ങളും ഡോക്കുമെന്‍ററികളുമായി 40 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

സ്വപ്നങ്ങളുടെ ‘ആകാശ ഗോപുരം‘