ബ്ലെസിയുടേത് ഓസ്ട്രേലിയന്‍ പ്രണയം?

Webdunia
വെള്ളി, 2 സെപ്‌റ്റംബര്‍ 2011 (20:27 IST)
PRO
ബ്ലെസി സംവിധാനം ചെയ്ത ‘പ്രണയം’ മികച്ച വിജയത്തിലേക്ക് നീങ്ങുകയാണ്. മൌത്ത് പബ്ലിസിറ്റിയാണ് ഈ സിനിമയ്ക്ക് ഗുണമാകുന്നത്. ഓണച്ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്തേക്കുള്ള കുതിപ്പിലാണ് ഈ ചിത്രം.

മോഹന്‍ലാലും അനുപം ഖേറും ജയപ്രദയും തകര്‍ത്തഭിനയിച്ചിരിക്കുന്ന ഈ സിനിമ ഒരു ഓസ്ട്രേലിയന്‍ ചിത്രത്തില്‍ നിന്ന് ആശയം കടം കൊണ്ടതാണെന്ന ചര്‍ച്ചകള്‍ ഇന്‍റര്‍നെറ്റില്‍ സജീവമാകുകയാണ്. 2000ല്‍ പുറത്തിറങ്ങിയ ‘ഇന്നസെന്‍സ്’ എന്ന ചിത്രത്തില്‍ നിന്നാണത്രെ ബ്ലെസി പ്രചോദനം(?) ഉള്‍ക്കൊണ്ടിരിക്കുന്നത്.

പോള്‍ കോക്സ് സംവിധാനം ചെയ്ത ‘ഇന്നസെന്‍സ്’ പറയുന്നതും കാലത്തെ അതിജീവിക്കുന്ന പ്രണയകഥ തന്നെയാണ്. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് പിരിഞ്ഞ കാമുകീകാമുകന്‍‌മാര്‍ വീണ്ടും കണ്ടുമുട്ടുന്നതും ഇപ്പോള്‍ ഭര്‍തൃമതിയായ കാമുകിയോടുള്ള പ്രണയം അടക്കിവയ്ക്കാനാവാതെ വരുന്നതും പിന്നീടുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളുമൊക്കെയാണ് ഈ സിനിമയുടെയും പ്രമേയം.

റയില്‍‌വെ സ്റ്റേഷനിലും ബീച്ചിലുമൊക്കെ വച്ചുള്ള പ്രണയരംഗങ്ങള്‍ ഇന്നസെന്‍സിലുമുണ്ട്. എന്തായാലും മലയാള സിനിമയില്‍ നവതരംഗം സൃഷ്ടിക്കുന്ന സംവിധായകരെല്ലാം ആശയസ്വീകരണം നടത്തുന്നത് അന്യരാജ്യങ്ങളിലെ ക്ലാസിക്കുകളില്‍ നിന്നാണെന്ന വസ്തുത അല്‍പ്പം ആശങ്കാജനകമാണെന്നുതന്നെ പറയാം. മൌലികമായ സൃഷ്ടികള്‍ വല്ലപ്പോഴുമെങ്കിലും കാണാന്‍ കിട്ടിയെങ്കില്‍ എന്ന് മലയാളികള്‍ കൊതിക്കുന്ന സങ്കടകരമായ അവസ്ഥയിലേക്കാണോ ഈ യാത്ര?