ബോക്സോഫീസില്‍ സ്കൈഫോള്‍ മാജിക്!

Webdunia
വ്യാഴം, 8 നവം‌ബര്‍ 2012 (18:12 IST)
PRO
ഒരു ഹോളിവുഡ് ചിത്രം ഇന്ത്യയില്‍ സൃഷ്ടിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ ബോക്സോഫീസ് റെക്കോര്‍ഡ്, അതാണ് ആദ്യ വാരാന്ത്യത്തില്‍ ‘സ്കൈഫോള്‍’ എന്ന ജയിംസ് ബോണ്ട് സിനിമ സൃഷ്ടിച്ചിരിക്കുന്നത്. ആദ്യ വാരാന്ത്യത്തില്‍(നവംബര്‍ 1 ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ) 27.5 കോടി രൂപയാണ് ഇന്ത്യന്‍ സ്ക്രീനുകളില്‍ നിന്ന് സ്കൈഫോള്‍ വാരിക്കൂട്ടിയത്. 3ഡി അല്ലാത്ത ഒരു ഹോളിവുഡ് ചിത്രത്തിന്‍റെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്. ആദ്യ ഏഴ് ദിവസങ്ങള്‍ കൊണ്ട് 34.5 കോടി രൂപയാണ് കളക്ഷന്‍.

ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി സ്കൈഫോളിന്‍റെ 907 പ്രിന്‍റുകളാണ് ഇന്ത്യയില്‍ റിലീസ് ചെയ്തത്. ഒരു 2ഡി ഹോളിവുഡ് റിലീസിന്‍റെ കാര്യത്തില്‍ ഇതും റെക്കോര്‍ഡാണ്. ഐമാക്സ് ഫോര്‍മാറ്റിലും ചിത്രം റിലീസായിട്ടുണ്ട്.

ഒരു ജയിംസ് ബോണ്ട് ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ കൂടിയാണ് സ്കൈഫോള്‍ സ്വന്തമാക്കിയിരിക്കുന്നത്. 2006ല്‍ പുറത്തിറങ്ങിയ കാസിനോ റോയല്‍ ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്ന് ആകെ നേടിയത് 40.3 കോടി രൂപയാണ്. 2008ല്‍ റിലീസായ ക്വാണ്ടം ഓഫ് സൊലേയ്സ് 44.4 കോടി രൂപയാണ് ആകെ സ്വന്തമാക്കിയത്. സ്കൈഫോള്‍ ആദ്യവാരം തന്നെ ആ കളക്ഷനടുത്തെത്തിയിരിക്കുന്നു.

ചിത്രം റിലീസായ ഉടന്‍ എങ്ങുനിന്നും പോസിറ്റീവ് നിരൂപണങ്ങളാണ് പുറത്തുവന്നത്. മൌത്ത് പബ്ലിസിറ്റിയും ചിത്രത്തിന്‍റെ വന്‍ വിജയത്തിന് സഹായിച്ചു.

സാം മെന്‍ഡസ് സംവിധാനം ചെയ്ത സ്കൈഫോളിന്‍റെ തിരക്കഥ ജോണ്‍ ലോഗന്‍, നീല്‍ പര്‍വിസ്, റോബര്‍ട്ട് വെയ്ഡ് എന്നിവര്‍ ചേര്‍ന്നാണ് എഴുതിയത്. അടുത്ത ബോണ്ട് ചിത്രവും ജോണ്‍ ലോഗന്‍റെ തിരക്കഥയില്‍ സാം മെന്‍ഡസായിരിക്കും ഒരുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.