ജോണ്‍ ആള്‍ട്ട്‌മാന്‍ കൊച്ചിയില്‍

Webdunia
PROPRO
ലോകത്തിലെ ഏറ്റവും മികച്ച മ്യൂസിക്‌ കമ്പോസര്‍മാരില്‍ ഒരാളായ ജോണ്‍ ആള്‍ട്ട്‌മാന്‍ കേരളത്തിലെത്തി. എമ്മി പുരസ്‌കാരം ജേതാവും ഗ്രാമി നോമിനിയും ആയ ആള്‍ട്ട്‌‌മാന്‍ മലയാളിക്ക്‌ 'ടൈറ്റാനിക്‌' സിനിമയുടെ കമ്പോസര്‍ മാത്രമല്ല, കെ പി കുമാരന്‍റെ ‘ആകാശഗോപുര’ത്തിന്‍റെ സംഗീതകാരന്‍ കൂടിയാണ്‌.

പൂര്‍ണ്ണമായും വിദേശത്ത്‌ നിര്‍മ്മിച്ച ‘ആകാശഗോപുര’ത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണമാണ്‌ ജോണ്‍ ആള്‍ട്ട്‌മാന്‍. സിനിമയുടെ പ്രചാരണത്തിന്‌ വേണ്ടിയാണ്‌ അദ്ദേഹം ഇന്ത്യയില്‍ എത്തിയത്‌. റഷ്യന്‍ ചിത്രങ്ങള്‍ക്ക്‌ വേണ്ടി സംഗീതം നല്‌കിയിട്ടുള്ള ആദ്യ പടിഞ്ഞാറന്‍ കമ്പോസറാണ് ഇദ്ദേഹം‌.

മലയാള സിനിമക്ക്‌ വേണ്ടി ഏറെ ഗവേഷണം നടത്തിയ ശേഷമാണ് സംഗീതം ഒരുക്കിയതെന്ന്‌ ആള്‍ട്ട്‌മാന്‍ പറയുന്നു. സംഗീതം പോലെ മനോഹരമാണ്‌ കേരളം എന്നും അദ്ദേഹം കൂട്ടി ചേര്‍ക്കുന്നു

അമ്പത്തെട്ട്‌കാരനായ ആള്‍ട്ട്‌മാന്‍ ഹോളിവുഡിലെ തിരക്കേറിയ കമ്പോസറാണ്‌. ജോണ്‍ മാല്‍ക്കോവിച്ചിന്‍റെ ‘ആര്‍ കെ ഒ 281’എന്ന ചിത്രത്തിലെ ഗാനങ്ങളാണ്‌ ആള്‍ട്ട്‌മാന്‍ 2000ല്‍ എമ്മി പുരസ്‌കാരം നേടികൊടുത്തത്‌. ഇന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ട ഗോള്‍ഡന്‍ ഐ, ബ്യൂട്ടിഫുള്‍ തിങ്സ്‌, ദ ലോസ്‌റ്റ്‌ എംപയര്‍ തുടങ്ങിയ സിനിമകളുടേയും സംഗീതം ആള്‍ട്ട്‌മാന്‍ ആയിരുന്നു

ഇബ്‌സന്‍റെ ‘മാസ്‌റ്റര്‍ ബില്‍ഡറി’ന്‍റെ മലയാള ചലച്ചിത്ര ആഖ്യാനമായ ‘ആകാശഗോപുര’ത്തില്‍ മോഹന്‍ലാലിനെ കൂടാതെ ഭരത്‌ ഗോപി, ശ്രീനിവാസന്‍, ശ്വേത മേനോന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്‌.