നോമിനേഷനുകള്‍ അറിയിക്കപ്പെട്ടതോടെ ഓസ്കര്‍ 2010-ന് കളമൊരുങ്ങിക്കഴിഞ്ഞു. അവതാര്‍ എന്ന ത്രിഡി വിസ്മയത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആഹ്ലാദിപ്പിച്ച ജെയിംസ് കാമറൂണിനും സംഘത്തിനും ലഭിച്ചിരിക്കുന്നത് ഒമ്പത് നോമിനേഷനുകളാണ്. കൌതുകകരമെന്ന് പറയട്ടെ, കാമറൂണിന്റെ മുന്‍ഭാര്യ കാത്രിന്‍ ബിഗെലോ സംവിധാനം ചെയ്ത ‘ദ ഹര്‍ട്ട് ലോക്കര്‍’ എന്ന യുദ്ധവിരുദ്ധ സിനിമയ്ക്കും ഒമ്പത് നോമിനേഷനുകള്‍ ലഭിച്ചിട്ടുണ്ട്. ക്വിന്റിന്‍ ടാരന്റിനോയുടെ ‘ഇന്‍ഗ്ലോറിയസ് ബാസ്റ്റാര്‍ഡ്‌സ്’ എന്ന ഫാന്റസി സിനിമയ്ക്ക് എട്ട് നോമിനേഷനുകളും ജേസന്‍ റൈറ്റ്മാനിന്റെ ‘അപ്പ് ഇന്‍ ദ എയര്‍’ എന്ന സിനിമയ്ക്ക് ആറ് നോമിനേഷനുകളും ലഭിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍ ഇത്തവണത്തെ ഓസ്കറില്‍ ഏറ്റുമുട്ടാന്‍ പോകുന്നത് കാമറൂണും മുന്‍ഭാര്യ കാത്രിന്‍ ബിഗെലോയും ആണ്. കാമറൂണിന്റെ അവതാര്‍ ഗോള്‍ഡന്‍ ഗ്‌ളോബ് അവാര്‍ഡ് നേടിയപ്പോള്‍ ഡയറക്‌ടേഴ്‌സ് ഗില്‍ഡ് ഒഫ് അമേരിക്ക അവാര്‍ഡില്‍ അവതാറിനെ മറികടന്നാണ് കാതറിന്റെ ദ ഹര്‍ട്ട് ലോക്കര്‍ മികച്ച സംവിധാനത്തിനുള്ള പുരസ്കാരം നേടിയെടുത്തത്. ഓസ്കറിലും ഇരുസിനിമകളും തമ്മില്‍ തീപാറുന്ന പോരാട്ടം ഉണ്ടാവുമെന്ന് തീര്‍ച്ച.
ഇതുവരെ അഞ്ച് തവണയാണ് കാമറൂണ്‍ ഭാര്യമാരെ മാറ്റിയിരിക്കുന്നത്. കാമറൂണിന്റെ മൂന്നാം ഭാര്യയായിരുന്നു കാത്രിന്‍ ബിഗെലോ. ഏതാണ്ട് രണ്ട് വര്‍ഷം (1997-1999) മാത്രമാണ് ഇവര്‍ ഒരുമിച്ചുണ്ടായിരുന്നത്. തുടര്‍ന്ന് ടെര്‍മിനേറ്റര്‍ സീരീസില്‍ സാറാ കോണോര്‍ ആയി വേഷമിട്ട ലിന്‍ഡാ ഹാമില്‍ട്ടണെ കാമറൂണ്‍ നാലാം ഭാര്യയാക്കി. ടൈറ്റാനിക്കില്‍ വിന്‍സ്‌ലെറ്റിന്റെ പേരക്കുട്ടിയായി അഭിനയിച്ച സൂസി എമിസാണ് കാമറൂണിന്റെ ഇപ്പൊഴത്തെ ഭാര്യ.
കാമറൂണിന്റെ വിവാഹക്കമ്പത്തെ കളിയാക്കിയിട്ടാവണം ‘വിഡോമേക്കര്‍’ എന്ന പേരിലൊരു ചരിത്രസിനിമ കാത്രിന്‍ എടുത്തിട്ടുണ്ട്. ഒരു ആണവമുങ്ങിക്കപ്പലിനെ പറ്റിയായിരുന്നു ആ സിനിമ. മുങ്ങിക്കപ്പലിന്റെ ശരിക്കുള്ള രഹസ്യപ്പേര് ‘ഹിരോഷിമ’ എന്നായിരുന്നുവെങ്കിലും ഈ സിനിമയില്‍ അതിനെ ‘വിഡോമേക്കര്‍’ എന്നാണ് വിളിക്കുന്നത്.
സംവിധാനത്തിന് നോമിനേഷന്‍ ലഭിക്കുന്ന നാലാമത്തെ വനിതയാണ് കാത്രിന്‍. സോഫിയ കപ്പോള, ജെയിന്‍ കാമ്പിയന്‍, ലെനവെര്‍ട്ട് മുള്ളര്‍ എന്നീ വനിതകള്‍ക്കാണ് മുന്‍പ് നോമിനേഷന്‍ കിട്ടിയിട്ടുള്ളത്. അവതാറിനെ മറികടന്ന് ‘ദ ഹര്‍ട്ട് ലോക്കര്‍’ എന്ന സിനിമ ഏതെങ്കിലുമൊരു ഓസ്കര്‍ നേടുകയാണെങ്കില്‍ തന്നെ ഇട്ടെറിഞ്ഞുപോയ കാമറൂണിനോടുള്ള മധുരപ്രതികാരമാവും കാത്രിന്‍ നിര്‍വഹിക്കുക.
മികച്ച നടനുള്ള ഓസ്കര്‍ നോമിനേഷനുകള്‍ ജോര്‍ജ് ക്ലൂണി, കോളിന്‍ ഫിര്‍ത്, ജെഫ് ബ്രിഡ്ജസ്, മോര്‍ഗന്‍ ഫ്രീമാന്‍, ജെറമി റെന്നെര്‍ എന്നിവര്‍ കരസ്ഥമാക്കി. സാന്ദ്രാ ബുള്ളോക്ക്, ഹെലന്‍ മിറന്‍, കരേ മുള്ളിഗന്‍, ഗാബുറേ സിഡൈബ്, മെറില്‍ സ്ട്രീപ് തുടങ്ങിയവര്‍ക്കാണ് മികച്ച നടിക്കുള്ള ഓസ്കര്‍ നോമിനേഷന്‍ ലഭിച്ചു.
വിദേശഭാഷാ ചിത്രങ്ങള്‍ക്കുള്ള ഓസ്കര്‍ നോമിനേഷന്‍ പട്ടികയില്‍ കയറിക്കൂടാനുള്ള ഇന്ത്യയുടെ മോഹം ഇത്തവണയും സഫലമായില്ല. മറാത്തി സിനിമയായ ‘ഹരിശ്ചന്ദ്രാചി ഫാക്‌റ്ററി’ എന്ന സിനിമ നോമിനേഷനായി സമര്‍പ്പിക്കപ്പെട്ടിരുന്നുവെങ്കിലും തള്ളിപ്പോയി. ‘ദ വൈറ്റ് റിബണ്‍’ (ജര്‍മനി), ‘എ പ്രോഫെറ്റ്’ (ഫ്രാന്‍സ്), ‘ദ മില്‍ക്ക് ഓഫ് സോറോ’ (പെറു), ‘ദ സീക്രട്ട് ഇന്‍ തെയര്‍ ഐസ്’ (അര്‍ജന്റീന), ‘അജാമി’ (ഇസ്രയേല്‍) എന്നിവയാണ് നോമിനേഷന്‍ ലഭിച്ചിരിക്കുന്ന വിദേശഭാഷാ സിനിമകള്‍.