എന്‍റെ ഡ്രൈവിംഗ് ഹാമില്‍ട്ടന് പേടി: ഷെര്‍സിംഗര്‍

Webdunia
ശനി, 19 ജൂണ്‍ 2010 (19:17 IST)
PRO
പുലിയുടെ പരിശീലകന് എലിയെ പേടിയാണെന്ന് കേട്ടിട്ടില്ലേ. അതുപോലൊരു കാര്യം ഇതാ. ലോകത്തിലെ പ്രശസ്തനായ കാറോട്ടക്കാരന് ഒരു പെണ്‍‌കൊടിയുടെ ഡ്രൈവിംഗ് പേടിപ്പെടുത്തുന്ന അനുഭവമാണ്. ഫോര്‍മുല വണ്‍ ഡ്രൈവറായ ലൂയിസ് ഹാമില്‍ട്ടനാണ് തന്‍റെ ഗേള്‍‌ഫ്രണ്ടിന്‍റെ ഡ്രൈവിംഗ് ഭയം സമ്മാനിക്കുന്നത്.

അമേരിക്കന്‍ പോപ് ഗ്രൂപ്പായ പുസിക്യാറ്റ് ഡോള്‍സിലെ മുന്‍ ഗായിക നിക്കോള്‍ ഷെര്‍സിംഗറിനൊപ്പം കാറില്‍ സഞ്ചരിക്കാന്‍ ഹാമില്‍ട്ടന്‍ ഭയപ്പെടുന്നത്രേ. ഷെര്‍സിംഗര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“കാര്‍ റേസില്‍ പങ്കെടുക്കുന്നതിനേക്കാള്‍ ഹാമില്‍ട്ടന്‍ ഭയപ്പെടുന്നത് എന്‍റെയൊപ്പം കാറില്‍ സഞ്ചരിക്കുന്നതാണ്. ഞാന്‍ കാല്‍മുട്ടുകൊണ്ടാണ് ഡ്രൈവ് ചെയ്യുന്നതെന്നാണ് കക്ഷി പറയുന്നത്. ഞാന്‍ ഡ്രൈവ് ചെയ്യുമ്പോഴാണ് മേക്ക് അപ് ചെയ്യുന്നതും റേഡിയോ ട്യൂണ്‍ ചെയ്യുന്നതുമെല്ലാം” - ഷെര്‍സിംഗര്‍ പറയുന്നു.

മേക്ക് അപ്പിനും മറ്റുമായി കൈകള്‍ ബിസിയായിരിക്കുമ്പോള്‍ കാല്‍മുട്ടുകള്‍ കൊണ്ടല്ലാതെ എങ്ങനെ ഡ്രൈവ് ചെയ്യും? ഷെര്‍സിംഗര്‍ പറയുന്നതിലും കാര്യമില്ലേ?. അതൊന്നും പക്ഷേ ലൂയിസ് ഹാമില്‍ട്ടന്‍ മനസിലാക്കുന്നില്ല.

ഡ്രൈവിംഗ് എങ്ങനെയായിരിക്കണമെന്നൊക്കെ ഹാമില്‍ട്ടന്‍ തന്‍റെ പ്രിയപ്പെട്ടവളെ ഉപദേശിക്കാറുണ്ട്. പക്ഷേ ഈ ടിപ്പുകളൊക്കെ ഡ്രൈവിംഗ് സീറ്റിലെത്തിക്കഴിഞ്ഞാല്‍ നിക്കോള്‍ ഷെര്‍സിംഗര്‍ മറന്നേ പോകുന്നു. എങ്ങനെയുണ്ട് സംഗതി?