ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് സമാപിച്ചു

Webdunia
WDWD

ചെറുകോല്‍പ്പുഴ: മഹാസര്‍വ്വൈശ്വര്യപൂജ, സമൂഹാര്‍ച്ചന, മംഗളാരതി എന്നിവയോടെ 96-ാം ചെറുകോല്‍ ഹിന്ദുമത പരിഷത്തിന് കൊടിയിറങ്ങി.അമൃതാനന്ദമയിമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരിയുടെ നേതൃത്വത്തില്‍ ആയിരുന്നു ഈ പൂജകള്‍.

ഹിന്ദുമതപരിഷത്തിന്‍റെ സമാപന സമ്മേളനം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍
ഉദ്ഘാടനം ചെയ്തു . സമൂഹത്തിന് നന്മവരുത്തുന്നതിനെപ്പറ്റി ആലോചിക്കാനുള്ള സര്‍വ്വമത മഹാസമ്മേളനമായി ചെറുകോല്‍പ്പുഴ പരിഷത്ത് പോലുള്ള ആത്മപ്രഘോഷണ വേദികള്‍ മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദ്യാധിരാജ സാംസ്കാരിക കേന്ദ്രത്തിനുവേണ്ടി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം ചടങ്ങില്‍ ടി.കെ.എ. നായര്‍ നിര്‍വ്വഹിച്ചു.

മാനവസേവനം, ഈശ്വരസേവനമായി കാണണം. സാമൂഹിക, വിദ്യാഭ്യാസ ആതുര സേവനരംഗത്ത് മതങ്ങള്‍ ചെയ്യുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. എന്നാല്‍ ഒത്ധമതം, മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠമാണെന്ന് സമര്‍ത്ഥിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സ്വാമി ശക്രാനന്ദജി മഹാരാജ് അധ്യക്ഷത വഹിച്ചു.

ഹിന്ദുമതമഹാമണ്ഡലം ഏര്‍പ്പെടുത്തിയ വിദ്യാധിരാജ ദര്‍ശന പുരസ്കാരം മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍നായര്‍ക്ക് മതമണ്ഡലം പ്രസിഡന്‍റ് അഡ്വ. ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ് സമ്മാനിച്ചു .

സ്വാമി പ്രശാന്താനന്ദജി, തുറവൂര്‍ വിശ്വംഭരന്‍ പി.സി. തോമസ് എം.പി, ആറന്മുള എവിയേഷന്‍ ചെയര്‍മാന്‍ പി.എസ്. നായര്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി, അഡ്വ. എം.പി. ശശിധരന്‍ നായര്‍ സ്വാഗതവും, ജോയിന്‍റ് സെക്രട്ടറി ടി.എന്‍. രാജശേഖരന്‍പിള്ള നന്ദിയും പറഞ്ഞു.