കര്‍ക്കിടകമാസത്തെ അടുത്തറിയാം

Webdunia
PROPRO
ഭാരതീയ ജീവിത രീതിയില്‍ ഒരോ മാസത്തിനും ഒരോ പ്രത്യേകതയുണ്ട്‌. കൃഷിയുമായും വൃദ്ധിക്ഷയങ്ങളുമായി ജീവിതവൃത്തി ബന്ധപ്പെട്ടിരുന്ന കാലങ്ങളില്‍ തുടങ്ങിയ ആചാരഅനുഷ്‌ഠാനങ്ങളാണവയെല്ലാം. എന്നാല്‍ കര്‍ക്കിടകം ദുരിതത്തിന്‍റെ മാസമാണെന്നാണ്‌ സങ്കല്‌പം.

അവസാന മാസമായതിനാല്‍ കാലന്‍ കണക്ക്‌ തീര്‍ക്കാന്‍ എടുക്കുന്നമാസം എന്നും സങ്കല്‌പമുണ്ട്‌. കര്‍ക്കിടകമാസത്തില്‍ മരണം ഉണ്ടാകുമെന്ന്‌ പ്രായമായവര്‍ പേടിക്കാറുണ്ട്‌. കൊരിചൊരിയുന്ന മഴ പട്ടിണി കൊണ്ടു വരുന്നതിനാല്‍ കര്‍ക്കിടകത്തിന്‌ പഞ്ഞ കര്‍ക്കിടകം എന്നും വിശേഷണമുണ്ട്‌. എന്നാല്‍ ആധുനിക കാലത്തില്‍ കര്‍ക്കിടകത്തിന്‍റെ സ്വഭാവം മാറി മറഞ്ഞിട്ടുണ്ട്‌.

വരാനിരിക്കുന്ന ഐശ്വര്യത്തിനുവേണ്ടി പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുന്ന ദിവസങ്ങളാണ്‌ കര്‍ക്കിടകമാസത്തിലേത്‌. വൃതശുദ്ധിയുടെ കര്‍ക്കിടകമാസത്തില്‍ കുടുംബത്തിലെ ഐശ്വര്യമായി സ്ത്രീകള്‍ക്ക്‌ പ്രത്യേക ആചാരനുഷ്ഠാനങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്‌.

കാലവര്‍ഷം കര്‍ക്കിടകമാസത്തില്‍ ഭൂമിയിലെ എല്ലാ മലിന്യങ്ങളും കാഴുകികളയുന്നു. പണ്ടു കാലങ്ങളില്‍ കര്‍ക്കിടകമാസത്തിന്‌ മുമ്പ് തന്നെ വീടും പരിസരവും ശ്രീയെ വരവേല്‍ക്കാന്‍ ഒരുങ്ങും. സംക്രമത്തിന്‌ മുമ്പ്‌ ജ്യേഷ്ടയെ പുറത്താക്കി ശ്രീയെ ആനയിക്കാനുള്ള ചുമതല സ്ത്രീകള്‍ക്കാണ്‌.

‘ശീവോതി’യെ തുയിലുണര്‍ത്താനുള്ള പാണപ്പാട്ടുകള്‍ ഇപ്പോള്‍ പുരാതന കുടുംബങ്ങളില്‍ നിന്നുപോലും അപ്രത്യക്ഷമായിരിക്കുന്നു. മനസും ശരീരവും ശുദ്ധമാകുന്നതിനും ധാര്‍മ്മിക ബോധം ഉണരുന്നതിനും രാമായണ വായന കര്‍ക്കിടകമാസത്തില്‍ പതിവുള്ളതാണ്‌.

എല്ലാ കര്‍ക്കിടക ദിനങ്ങളിലും സ്ത്രീകള്‍ പുലര്‍ച്ചെ ഉണര്‍ന്ന്‌ കുളിച്ച്‌ കണ്ണെഴുതി കളഭം ചാര്‍ത്തി മടിയില്‍ ദശപുഷ്പം ചൂടുന്ന ആചാരം തന്നെയുണ്ട്‌. കൈകാലുകളില്‍ മൈലാഞ്ചി ഇടുന്നതും പതിവാണ്‌. മുപ്പെട്ടു വെള്ളിയാഴ്ച പത്തില കറിവച്ച്‌ കൂട്ടും കനകപ്പൊടി സേവിക്കണമെന്നും നിര്‍ദേശമുണ്ട്‌.

മത്ത,കുമ്പളം, പയറ്‌, ഉഴുന്ന്‌, ചേമ്പ്‌, നെയ്യുണ്ണി, ആനത്തൂവ, തഴുതാമ, തകര, താള്‌ എന്നിവയുടെ ഇലകളാണ്‌ പത്തില എന്നറിയപ്പെടുന്നത്‌.

കനകപ്പൊടി എന്നാല്‍ ഉണക്കലരിത്തവിടാണ്‌. തവിട്‌ ശര്‍ക്കര ചേര്‍ത്ത്‌ പലഹാരങ്ങള്‍ ഉണ്ടാക്കി കഴിക്കുന്നു. കര്‍ക്കിടകത്തിലെ മഴക്കാലത്തില്‍ സ്ത്രീകള്‍ക്ക്‌ ഏറ്റവും ഏറ്റവും ഉത്തമമായ ആഹാരമാണ്‌ പോഷക സമൃദ്ധമായ ഈ ആഹാരം.