ഓച്ചിറയിലെ നിരാകാര സങ്കല്പം

Webdunia
ഭാരതത്തിലെ പരബ്രഹ്മസങ്കല്പത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രധാനമാണ് ഓച്ചിറ പരബ്രഹ്മസ്ഥാനം. ബിംബങ്ങളോ തന്ത്രങ്ങളോ വൈദിക ആരാധനാക്രമങ്ങളോ ഇല്ലാത്ത നിരാകാര സങ്കല്പമാണ് ഓച്ചിറ പരബ്രഹ്മ സ്വരൂപം. കാല, ദേശ, ഗുണരഹിതമായ പരബ്രഹ്മത്തെ പ്രതിനിധീകരിക്കാന്‍ അരയാല്‍വൃക്ഷം മാത്രമാണ് ഇവിടെയുള്ളത്.

അവധൂതന്‍മാരും യോഗികളും സിദ്ധന്‍മാരും എല്ലാക്കാലവും തങ്ങളുടെ പുണ്യസാന്നിദ്ധ്യം കൊണ്ട് അനുഗ്രഹിക്കുന്നിടമാണ് ഓച്ചിറ പരബ്രഹ്മസന്നിധി. കൊല്ലം ജില്ലയില്‍ നിന്ന് 34 കിലോമീറ്റര്‍ അകലെയാണ് അതിശയകരമായ ഈ ക്ഷേത്രസങ്കല്പം നില കൊള്ളുന്നത്.

"" ലോകാനുഗ്രഹത്തിനും നമ്മുടെ ക്ഷേമത്തിനുമായി'' എന്നാണ് ഇവിടുത്തെ സങ്കല്പമന്ത്രം. ഇവിടെ രണ്ട് തറയും ഉണ്ടിക്കാവും മായായക്ഷി അമ്പലവും ഗണപതി സ്ഥാനവുമുണ്ട്. രണ്ട് തറയിലെ ഒരു തറയിലാണ് പരബ്രഹ്മ സന്നിധി. മറ്റേ തറയില്‍ പരമേശ്വരസ്ഥാനം. തറകളുടെ വടക്കുമാറിയുളള ഉണ്ടിക്കാവിലെ ചെളിമണ്ണാണ് നേദ്യം.

ഇത് സര്‍വമുറിവുകളും ഉണക്കുമെന്നാണ് വിശ്വാസം. ഈ ക്ഷേത്രത്തിലെ പ്രസാദം വിളക്ക് കരിയാണ്. "എടുകണ്ടം ഉരുളിച്ച' എന്നൊരു വിചിത്രവഴിപാടും ക്ഷേത്രത്തിലുണ്ട്. അലങ്കരിച്ച കാളയെ വാദ്യമേളത്തോടെ ചുറ്റുപ്രദക്ഷിണം നടത്തിക്കുകയാണ് വഴിപാട്. ഇത് അഷ്ടദിക്പാലകന്‍മാര്‍ക്കാണ്.

ജൂണ്‍ പകുതിയോടെയാണ് ഓച്ചിറയിലെ പടനിലത്തില്‍ അരങ്ങേറുന്ന ഓച്ചിറ വേലകളി. വൃശ്ചികകമാസത്തില്‍ ഓച്ചിറ ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ഉത്സവമാണ് പന്ത്രണ്ട് വിളക്ക്'.വൃശ്ചികം ഒന്നുമുതല്‍ 12 ദിവസമാണ് വിളക്ക്. ഈ ഉത്സവകാലത്ത് ജാതിമതഭേദമന്യേ ക്ഷേത്രസങ്കേതത്തില്‍ എല്ലാവരും കുടിലുകള്‍കെട്ടി താമസിച്ച് ഭജനമിരിക്കുന്നു.