എല്ലാ കണ്ണാടിയും ആറന്‍‌മുളക്കണ്ണാടിയല്ല!

Webdunia
വെള്ളി, 7 മെയ് 2010 (13:42 IST)
WD
അഷ്ടമംഗല താലത്തില്‍ വയ്ക്കാന്‍ അല്ലെങ്കില്‍ സമൃദ്ധിയുടെ ഒരു അടയാളമായി സൂക്ഷിക്കാന്‍ അതുമല്ലെങ്കില്‍ ലോകമെങ്ങും പേരു കേട്ട ഒരു അത്ഭുത സൃഷ്ടി കൈവശമാക്കാനുള്ള ആഗ്രഹം, ഇതിലേതെങ്കിലും ഒന്നാകാം നിങ്ങളെ ആറന്മുളക്കണ്ണാടി തേടി യാത്ര തുടങ്ങാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍, ലോകം അത്ഭുതത്തോടെയും ആശ്ചര്യത്തോടെയും മുഖം നോക്കി നില്‍ക്കുന്ന ഈ കണ്ണാടിയും ഇപ്പോള്‍ നീതിരഹിത വ്യാവസായിക ചൂഷണത്തിന് ഇരയാവുകയാണ്.

ആറന്മുളയ്ക്ക് പകര്‍ന്നു കിട്ടിയ പാരമ്പര്യമാണ് ആറന്‍‌മുളക്കണ്ണാടിയുടേത്. ഇപ്പോള്‍ ഈ മായക്കണ്ണാടി നിര്‍മ്മിക്കാന്‍ ഏഴ് പരമ്പരാഗത കുടുംബങ്ങള്‍ക്കാണ് അവകാശമുള്ളത്. ഇവര്‍ക്ക് ജിഐ രജിസ്ട്രേഷനും (ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ ടാഗ് എന്ന പേറ്റന്റ് സംരക്ഷണം) ഉണ്ട്. എന്നാല്‍, ഇവരെക്കൂടാതെ പത്തോളം യൂണിറ്റുകളില്‍ ഇപ്പോള്‍ ആറന്‍‌മുളക്കണ്ണാടി നിര്‍മ്മിക്കുന്നുണ്ട് എന്നതാണ് വാസ്തവം. അനധികൃതമായി നിര്‍മ്മാണത്തിലേര്‍പ്പെടുന്നവര്‍ കണ്ണും‌മൂക്കുമില്ലാതെ അത്യാധുനിക വ്യാവസായിക ചൂഷണത്തിന്റെ വക്താക്കളാവുമ്പോള്‍ പൈതൃകത്തിന്റെ പ്രതിഫലനം തേടിയെത്തുന്നവര്‍ക്ക് ലഭിക്കുന്നത് ചുരുക്കം സമയത്തേക്ക് മാത്രമുള്ള ആശ്വാസം മാത്രം!

അതായത്, പൈതൃകമായി പകര്‍ന്നു നല്‍കുന്ന ലോഹക്കൂട്ടിനെക്കുറിച്ചുള്ള അറിവിന്റെ പിന്‍‌ബലമില്ലാത്തവര്‍ നിര്‍മ്മിച്ചു വില്‍ക്കുന്ന ആറന്‍‌മുളക്കണ്ണാടികള്‍ തിളക്കം നഷ്ടപ്പെട്ട ലോഹക്കഷണമായി മാറാന്‍ അധിക നാളുകള്‍ വേണ്ട. ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടവരില്‍ പലരും പിന്നീട് തങ്ങളെ തേടിയെത്താറുണ്ടെന്ന് ‘അദിതി ഹാന്‍ഡിക്രാഫ്റ്റ്സ്’ ഉടമയും ആറന്മുള കണ്ണാടിയുടെ പരമ്പരാഗത നിര്‍മ്മാതാക്കളില്‍ ഒരാളുമായ പി ഗോപകുമാര്‍ വെബ്ദുനിയയോട് പറഞ്ഞു. പൈതൃക കണ്ണാടിയെന്ന് തെറ്റിദ്ധരിച്ച് വാങ്ങുന്ന വ്യാജ കണ്ണാടികളുടെ ഫ്രെയിം മാത്രമായിരിക്കും പിന്നീട് ഉപയോഗിക്കാന്‍ സാധിക്കുക. പ്രതിഫലനം ഉണ്ടാക്കുന്ന കണ്ണാടി പോലെയുള്ള പ്രതലം വീണ്ടും ഉണ്ടാക്കിയാണ് ഇത്തരക്കാര്‍ക്ക് വീണ്ടും ആറന്‍‌മുള കണ്ണാടി എന്ന ആഗ്രഹം യാഥാര്‍ത്ഥ്യമാക്കി കൊടുക്കുന്നത്.

കഴിഞ്ഞ അഞ്ഞൂറ് വര്‍ഷത്തെ പാരമ്പര്യവുമായി ആറന്‍‌മുളയെയും കേരളത്തെയും അതുവഴി ഇന്ത്യയെയും ലോകത്തിനു പരിചയപ്പെടുത്തിയ പരമ്പരാഗത നിര്‍മ്മാതാക്കള്‍ തങ്ങള്‍ക്ക് വേണ്ടത്ര സഹായം ലഭിക്കുന്നില്ല എന്ന പരാതി പറച്ചില്‍ ഇപ്പോഴും തുടരുകയാണ്. യു‌എന്‍ഡിപിയും കേന്ദ്ര സര്‍ക്കാരും ചേര്‍ന്ന് ആറന്മുളയ്ക്ക് അനുവദിച്ച 70 ലക്ഷം രൂപയുടെ ഫണ്ടില്‍ 15 ലക്ഷം ആറന്‍‌മുള കണ്ണാടിക്കായി നീക്കി വച്ചിരുന്നു. ഇതില്‍ 5 ലക്ഷം രൂപ ചെലവഴിച്ച് ഡോക്യുമെന്ററി നിര്‍മ്മിച്ചു എങ്കിലും കണ്ണാടിയുടെ പരമ്പരാഗത നിര്‍മ്മാണത്തിന് സഹായം നല്‍കാനായി നീക്കി വച്ചിരുന്ന 10 ലക്ഷം രൂപ ഇതുവരെയായും നല്‍കാത്തതാണ് ഇത്തരത്തിലുള്ള ഏറ്റവും അവസാനത്തെ അവഗണനയായി നിര്‍മ്മാതാക്കള്‍ പറയുന്നത്.

ആറന്മുള കണ്ണാടി ഉണ്ടായ വഴി

ആറന്മുള കണ്ണാടി ഉണ്ടായ വഴിയെ കുറിച്ച് പ്രചരിക്കുന്ന കഥകള്‍ പലതാണ്. ദൈവീക പരിവേഷമുള്ള ഒരു കഥയും ഇതില്‍പ്പെടുന്നു. എന്തായാലും, തമിഴ്നാട്ടിലെ ശങ്കരന്‍ കോവിലില്‍ നിന്ന് അമ്പലം പണിക്കായി മധ്യ തിരുവിതാംകൂറില്‍ എത്തിയ വിശ്വകര്‍മ്മ വിഭാഗത്തിന്റെ പിന്‍‌മുറക്കാരാണ് തങ്ങളെന്ന് ആറന്‍‌മുളക്കണ്ണാടിയുടെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
WD


അനിഴം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് ക്ഷേത്ര നിര്‍മ്മാണത്തിനായി തമിഴ് വിശ്വകര്‍മ്മജരെ കേരളത്തില്‍ എത്തിച്ചത്. ആറന്മുള, ചെങ്ങന്നൂര്‍, മാന്നാര്‍ തുടങ്ങി ഹരിപ്പാട് വരെയുള്ള ക്ഷേത്രങ്ങളുടെ നിര്‍മ്മാണത്തിനായാണ് ഇവരെ കൊണ്ടുവന്നത്. കേരളത്തിലെത്തിയ ഇവര്‍ അലസരും സുഖലോലുപരുമായി മാറി. ക്ഷേത്ര നിര്‍മ്മാണത്തിലും അലസത കടന്നെത്തിയതോടെ രാജാവ് കോപാകുലനായി ഇവര്‍ക്ക് നല്‍കിവന്ന ആനുകൂല്യങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. ഇതെതുടര്‍ന്ന് വിഷമാവസ്ഥയിലായ പണിക്കാര്‍ രാജാവിനെ പ്രീതിപ്പെടുത്താനായി ഒരു വെങ്കല കിരീടം നിര്‍മ്മിച്ചു കാഴ്ചവച്ചു.

രാജാവിനു കാഴ്ച വച്ച വെങ്കല കിരീടം ഒരു അത്യത്ഭുതം തന്നെയായിരുന്നത്രേ! കണ്ണാടി പോലെ തിളങ്ങുക മാത്രമല്ല വ്യക്തമായി ചുറ്റുപാടുകളെ പ്രതിഫലിപ്പിക്കുകയും ചെയ്ത ആ കിരീടം ലഭിച്ചതോടെ രാജാവ് സന്തുഷ്ടനായി. കിരീടത്തിന്റെ അപൂര്‍വ തിളക്കം ശ്രദ്ധിച്ച രാജാവ് തന്നെയാണ് അതേ ലോഹക്കൂട്ടുകള്‍ പരീക്ഷിച്ച് കണ്ണാടി നിര്‍മ്മിക്കാന്‍ ക്ഷേത്രം പണിക്കായി എത്തിയ വിശ്വകര്‍മ്മജരെ പ്രേരിപ്പിച്ചത്. അങ്ങിനെ ഒരു സവിശേഷ ലോഹക്കൂട്ടിലൂടെ ആറന്മുളക്കണ്ണാടി പിറന്നു എന്നതാണ് ഏറ്റവും വിശ്വസനീയവും പ്രചാരമുള്ളതുമായ ചരിത്രം.

അടുത്ത പേജില്‍ - നിര്‍മ്മാ‍ണ രഹസ്യം

നിര്‍മ്മാണ രഹസ്യം

WD
ആറന്‍‌മുളക്കണ്ണാടി നിര്‍മ്മിക്കുന്നത് വെളിത്തീയവും ചെമ്പും ഉരുക്കിയെടുക്കുന്ന മിശ്രിതത്തില്‍ നിന്നാണ്. പ്രത്യേക അനുപാതത്തില്‍ യോജിപ്പിക്കുന്ന മിശ്രിതം മൂശയിലൊഴിച്ച് ഉണ്ടാക്കിയെടുക്കുന്ന ലോഹപാളി പലയാവര്‍ത്തി തേച്ച് മിനുക്കുമ്പോഴാണ് കണ്ണാടിയെക്കാള്‍ മനോഹരമാ‍യ പ്രതലം രൂപപ്പെടുന്നത്. ഉരുക്കുന്നതിനു മുമ്പ് ചെമ്പ് ഉപ്പ് പുരട്ടി കാച്ചിയെടുത്ത് വെള്ളത്തില്‍ മുക്കി ശുദ്ധീകരിക്കും. രണ്ട് ലോഹങ്ങളും ഉരുക്കിയ ശേഷവും സാമ്പിള്‍ പരിശോധിച്ച് അനുപാതത്തിലുള്ള കുറവ് പരിഹരിക്കും.

തുടക്കത്തില്‍, ശിവ‌പാര്‍വതീ സങ്കല്‍പ്പമായ വാല്‍ക്കണ്ണാടികള്‍ മാത്രമായിരുന്നു നിര്‍മ്മിച്ചിരുന്നത്. അന്ന് കണ്ണാടിക്കൊപ്പം കുങ്കുമച്ചെപ്പും നിര്‍മ്മിക്കുന്നത് പതിവായിരുന്നു. ഇന്നും ‘ഓവല്‍’ ആകൃതിയിലുള്ള കണ്ണാടികള്‍ക്കാണ് പ്രിയം. ഒരിഞ്ചു മുതല്‍ 22 ഇഞ്ചുവരെ ചുറ്റളവുള്ള ആറന്മുളക്കണ്ണാടികളാണ് സാധാരണയായി നിര്‍മ്മിച്ചുവരുന്നത്. ഇതിന് 300 മുതല്‍ ഒരു ലക്ഷം രൂപവരെ വിലയാകും.
WD


നാം സാധാരണയായി ഉപയോഗിക്കുന്ന കണ്ണാടികളെക്കാള്‍ മികച്ച പ്രതിബിംബമാണ് ആറന്‍‌മുളക്കണ്ണാടിയില്‍ കാണാന്‍ സാധിക്കുക. മറ്റു കണ്ണാടികളില്‍ നിന്ന് വ്യത്യസ്തമായി ഉപരിതല പാളിയില്‍ തന്നെ വസ്തുക്കളെ പ്രതിഫലിപ്പിക്കുന്നതാണ് ഇതിനു കാരണമായി പറയുന്നത്.

ലോഹക്കണ്ണാടികളെ കുറിച്ച്

ആറന്മുളക്കണ്ണാടിക്ക് അഞ്ഞൂറ് വര്‍ഷത്തെ പാരമ്പര്യമാണ് അവകാശപ്പെടാനുള്ളത്. എന്നാല്‍, രണ്ടായിരത്തിലധികം വര്‍ഷത്തിനു മുമ്പും ഭാരതത്തില്‍ ഇത്തരം കണ്ണാടികള്‍ പ്രചാരത്തിലുണ്ടായിരുന്നുവത്രേ. ഹാരപ്പ ഉല്‍ഖനന പ്രദേശത്തു നിന്ന് ലോഹക്കണ്ണാടികളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഖജുരാഹോ ഗുഹാചിത്രങ്ങളിലൊന്നില്‍ ലോഹക്കണ്ണാടി നോക്കി പൊട്ടുകുത്തുന്ന ഒരു സുന്ദരിയുടെ ശില്‍പ്പവും ഇതിന്റെ പഴമയെ കുറിച്ച് പറയുന്നു.