വേനല്‍ച്ചൂടു തടയാന്‍

Webdunia
1. വേനല്‍ക്കാലത്ത് പരുത്തി വസ്ത്രങ്ങള്‍ അണിയുക. ടെറിക്കോട്ടനും പോളിസ്റ്ററും പോപ്ളിനും നൈലോണുമൊക്കെ ഉഷ്ണച്ചൂട് വര്‍ദ്ധിപ്പിക്കും. ശാരീരികാസ്വാസ്ഥ്യം കൂടും. ശരീരത്തില്‍ വിയര്‍പ്പു കുരുക്കള്‍ പൊന്താനിടയാക്കും. അതിനാല്‍ അയഞ്ഞ പരുത്തി വസ്ത്രങ്ങളാണ് നല്ലത്.

2. ദിവസവും രണ്ടുനേരം കുളിക്കുന്നത് ശീലമാക്കുക. കുളി ശരീരം തണുപ്പിക്കാന്‍ സഹായിക്കും. രാവിലെ കുളിച്ച് പുറത്ത് ജോലിക്കു പോകുന്നവര്‍ വൈകുന്നേരം ജോലിത്തിരക്കു കഴിഞ്ഞെത്തിയാല്‍ പലപ്പോഴും കുളിക്കാന്‍ മിനക്കെടാറില്ല. ചൂടു കാലത്ത് അത് പറ്റില്ല. രണ്ടുനേരവും കുളിക്കുകതന്നെ വേണം. ശരീരത്തിലടിഞ്ഞ വിയര്‍പ്പും പൊടിയും കഴുകിക്കളയുമ്പോള്‍ ഉന്മേഷം തിരിച്ചു വരുന്നതറിയാം.

3. ചൂടു കൂടുന്നതോടെ ശരീരം അതിനെതിരെ പ്രതികരിക്കുന്നത് പലവിധത്തിലായിരിക്കും. തലമുടി കൊഴിയാന്‍ തുടങ്ങും. എണ്ണ തേച്ചു കുളിക്കുന്നത് നല്ലതാണ്. തലയില്‍ ചൂടുകയറുന്നത് തടയാന്‍ എണ്ണപൊത്തി കുളിക്കുക.

4. ചുണ്ടുകള്‍ വെടിച്ചു കീറുന്നത് ചൂടുകാലത്ത് പതിവാണ്. ആഹാരം കഴിക്കാന്‍ തന്നെ ബുദ്ധിമുട്ടും. എരിവു കഴിച്ചാലും പുളിപ്പുള്ളതു കഴിച്ചാലും നീറിപ്പിടിക്കും. ചുണ്ടുകളില്‍ വെണ്ണ തടവുന്നത് നല്ലതാണ്. വാസലീന്‍ ക്രീമുകളും ഗുണം ചെയ്യും.

5. ചൂട് താങ്ങാന്‍ കഴിയാത്ത ശരീരാവയവങ്ങളിലൊന്ന് കണ്ണാണ്. ചെങ്കണ്ണ് പടരുന്നതും ചൂടുകാലത്താണ്. തണുത്ത വെള്ളത്തില്‍ കണ്ണു കഴുകുന്നതും വെള്ളരിക്ക മുറിച്ച് കണ്‍തടങ്ങളില്‍ വയ്ക്കുന്നതും പനിനീരുകൊണ്ട് കഴുകുന്നതും നല്ലതാണ്. ഇളനീര്‍ക്കുഴമ്പ് കണ്ണില്‍ എഴുതുന്നതും ഉത്തമം. വെയിലത്ത് പോകുവാന്‍ സണ്‍ഗ്ളാസുകള്‍ ഉപയോഗിക്കുക.

6. വായ്ക്കുള്ളില്‍ ചൂടുകാലത്ത് കുരുക്കള്‍ ഉണ്ടാകും. ചുവന്നുപെഴുത്ത കുരുക്കള്‍ കാരണം കഠിനവേദനയനുഭവപ്പെടും. തൈരും, പാലും പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിക്കുന്നത് നല്ലതാണ്. ധാരാളം വെള്ളം കുടിക്കുകയും വേണം.

7. വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍, മുട്ട, മാംസം, കപ്പലണ്ടി, എരിവു കൂടുതലുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ എന്നിവ കഴിക്കുന്നതും ഒഴിവാക്കണം. വയറിന് അസുഖം വരാനുള്ള സാധ്യത ഏറെയാണ്. വയറിളക്കത്തിനും വയറുകടിക്കുമുള്ള സാധ്യതയുമുണ്ട്. അതു തടയാന്‍ പാലും പാലുല്പന്നങ്ങളും പഴവര്‍"ങ്ങളും ധാരാളം കഴിക്കുക.

വേനല്‍ച്ചൂടിനെ വെല്ലുവിളിക്കാന്‍ ഇത്തരം ചില തീരുമാനങ്ങളും പൊടിക്കൈകളും പരീക്ഷിക്കുക.