കൺകൾ താൻ അഴക്; കണ്ണിനെ പരിപാലിക്കാം

Webdunia
ചൊവ്വ, 24 ജൂലൈ 2018 (14:41 IST)
കണ്ണുകളാണ് നമ്മുടെ മനസ്സിനുള്ളിലേക്കും തലച്ചോറിനുള്ളിലേക്കും കാര്യങ്ങൾ എത്തിക്കുന്നത്. തിളക്കമാര്‍ന്ന സജലമെന്ന് തോന്നിക്കുന്ന കണ്ണുകള്‍ സ്ത്രീ സൌന്ദര്യത്തിന്‍റെ മാസ്മരികത തന്നെയാണ്. കണ്ണുകള്‍ ആരോഗ്യമുള്ളത് ആവണമെങ്കില്‍ വേണ്ട പരിചരണം നല്‍കേണ്ടതും അത്യാവശ്യമാണ്.
 
ഉറക്കമില്ലായ്മ, പ്രകാശം കുറഞ്ഞസ്ഥലത്ത് കണ്ണിന് ആയാസമുള്ള രീതിയില്‍ ജോലി നോക്കുക. കമ്പ്യൂട്ടര്‍ സ്ക്രീനിന് മുന്നില്‍ വളരെയധികം സമയം ചെലവഴിക്കുക തുടങ്ങിയ കാര്യങ്ങള്‍ നിങ്ങളുടെ കണ്ണിന്‍റെ ഊര്‍ജ്ജസ്വലതയെ തല്ലിക്കെടുത്തുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അതിനാല്‍, കണ്ണിനെ പരിപാലിക്കാന്‍ ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ നല്‍കണം.
 
കണ്ണുകള്‍ക്ക് വേദനയും അസ്വസ്ഥതയും ഉണ്ടാവുക സാധാരണമാണ്. ദൈനംദിന ജീവിതത്തിലെ പിരിമുറുക്കം, കണ്ണടയുടെ പവര്‍ അനുയോജ്യമല്ലാതിരിക്കുക, അന്തരീക്ഷമലിനീകരണം എന്നിവയെല്ലാം കണ്ണുകള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കിയേക്കാം.
 
തീര്‍ച്ചയായും ഇത്തരം പിരിമുറുക്കങ്ങളില്‍ നിന്ന് കണ്ണുകളെ മോചിപ്പിക്കാന്‍ എളുപ്പമാണ്. നിങ്ങള്‍ ജോലി ചെയ്യുന്നിടത്ത് ആവശ്യത്തിന് പ്രകാശം ഉണ്ടെന്ന് ഉറപ്പു വരുത്തുക. നിങ്ങള്‍ ഒരു കമ്പ്യൂട്ടര്‍ പ്രഫഷണലാണോ? എങ്കില്‍ കണ്ണിന് കൂടുതല്‍ ശ്രദ്ധ നല്‍കണം. കമ്പ്യൂട്ടര്‍ ജോലിക്കാര്‍ ഓരോമണിക്കൂര്‍ ഇടവിട്ട് കണ്ണിന് വിശ്രമം നല്‍കേണ്ടത് അത്യാവശ്യമാണ്. 
 
കണ്ണുകള്‍ക്ക് വ്യായാമം നല്‍കേണ്ടതും ആവശ്യമാണ്. ഒരേ രീതിയില്‍ ഒരേ സ്ഥലത്തേക്ക് ഏറെനേരം ദൃഷ്ടി പതിപ്പിച്ചിരിക്കരുത്. എന്നാല്‍, ഇത് മിക്ക ഓഫീസ് ജോലിയുടെയും ഭാഗമാണ് താനും! ഒരു മണിക്കൂര്‍ ഇടവിട്ട് നോട്ടം ഒരു വിദൂര ബിന്ദുവിലേക്ക് മാറ്റുകയും തുടര്‍ന്ന് അടുത്ത് ഉള്ള ഒരു വസ്തുവിലേക്ക് മാറ്റുകയും ചെയ്യുക. ഇത് കണ്ണിന് വ്യായാമം നല്‍കും. രണ്ട് മിനിറ്റ് കണ്ണടച്ച് ഇരിക്കുന്നതും വളരെയധികം പ്രയോജനം ചെയ്യും.
 
സന്തുലിതമായ ആഹാരമാണ് കണ്ണിന് വേണ്ട മറ്റൊരു വസ്തുത. പാല്‍, വെണ്ണ, പ്രോട്ടീനുകള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ആഹാരത്തിന്‍റെ ഭാഗമാക്കേണ്ടതുണ്ട്. ഇത്തരത്തില്‍ ആഹാരത്തില്‍ ശ്രദ്ധ പതിപ്പിച്ചാല്‍ കണ്ണിന് തിളക്കമേറും. സമീകൃതാ‍ഹാരം കണ്ണീര്‍ ഗ്രന്ഥികള്‍ക്കും കണ്ണിലെ കോശങ്ങള്‍ക്കും പോഷണം നല്‍കുന്നത് വഴിയാണ് കണ്ണിന് തിളക്കമുണ്ടാവുക.

അനുബന്ധ വാര്‍ത്തകള്‍

Next Article