ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഗുരുതരമായാല്‍ നിനച്ചിരിക്കാത്ത സമയത്തായിരിക്കും ജീവന്‍ നിലയ്ക്കുക. ഹൃദയാഘാതം, ഹൃദയസ്തംഭനം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളെയെല്ലാം വളരെ ഗൗരവത്തോടെ കാണണം. അധികം ആരും ചര്‍ച്ച ചെയ്യാത്ത ഒരു പ്രശ്‌നമാണ് സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്. മേജര്‍ ഹാര്‍ട്ട് അറ്റാക്കുകളെ പോലെ തന്നെ സൈലന്റ് അറ്റാക്കിനെയും പേടിക്കണം.
സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് വന്നത് ചിലപ്പോള്‍ നമ്മള്‍ പോലും അറിയണമെന്നില്ല. പിന്നീട് വൈദ്യസഹായം തേടിയ ശേഷമായിരിക്കും സൈലന്റ് അറ്റാക്ക് വന്നിരുന്നു എന്ന കാര്യം പോലും മനസിലാകുന്നത്. നേരിയ ലക്ഷണങ്ങള്‍ മാത്രമേ സൈലന്റ് അറ്റാക്കിനു കാണിക്കൂ. ലക്ഷണങ്ങള്‍ കുറവാണെങ്കിലും മേജര്‍ അറ്റാക്കുകള്‍ പോലെ തന്നെ ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നത് താല്‍ക്കാലികമായെങ്കിലും നിശ്ചലമാക്കാന്‍ സൈലന്റ് അറ്റാക്കിനു സാധിക്കും. നെഞ്ചിലെ പേശികളിലെ വേദനയോ അല്ലെങ്കില്‍ പുറംവേദനയോ ആയിരിക്കുമെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്.
ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്ളവര്‍, കൊളസ്‌ട്രോള്‍ കൂടുതല്‍ ഉള്ളവര്‍, പുകവലിക്കുന്നവര്‍, പാരമ്പര്യമായി ഹൃദ്രോഗമുള്ളവര്‍, അമിത വണ്ണമുള്ളവര്‍, പ്രായമായവര്‍ എന്നിവരിലാണ് സൈലന്റ് അറ്റാക്കിനുള്ള സാധ്യത കൂടുതല്‍.