നമ്മള്‍ പലപ്പോഴും പച്ചക്കറികളെല്ലാം രണ്ടാമതൊന്ന് ആലോചിക്കാതെ റഫ്രിജറേറ്ററില്‍ വയ്ക്കാറുണ്ട്. പക്ഷേ അവയില്‍ ചിലത് തണുപ്പിച്ച് സൂക്ഷിക്കുമ്പോള്‍ അവയുടെ രുചി, ഘടന, പോഷകങ്ങള്‍ എന്നിവയില്‍ മാറ്റമുണ്ടാകാറുണ്ട്. അത്തരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുകയും ആരോഗ്യത്തിന് ഹാനികരമായി മാറുകയും ചെയ്യുന്ന മൂന്ന് പച്ചക്കറികളാണ് വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവ. തൊലികളഞ്ഞതോ റഫ്രിജറേറ്ററില്‍ സൂക്ഷിച്ചതോ ആയ വെളുത്തുള്ളി ഒരിക്കലും വാങ്ങരുത്, കാരണം അത് എളുപ്പത്തില്‍ പൂപ്പല്‍ പിടിക്കും, ഇത് കാന്‍സറിന് പോലും കാരണമാകും.
എല്ലായ്‌പ്പോഴും ഫ്രഷ് ആയ വെളുത്തുള്ളി വാങ്ങുക, ഉപയോഗിക്കുന്നതിന് തൊട്ടുമുമ്പ് മാത്രമേ തൊലി കളയാന്‍ പാടുള്ളൂ. വെളുത്തുള്ളി മുറിയിലെ താപനിലയില്‍ നന്നായി വായുസഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജില്‍ വയ്ക്കുന്നത് അത് വേഗത്തില്‍ മുളയ്ക്കാന്‍ കാരണമാകും. ഉരുളക്കിഴങ്ങ് തണുത്ത താപനിലയില്‍ (8°C-ല്‍ താഴെ) സൂക്ഷിക്കുന്നതിലൂടെ അതില്‍ അടങ്ങിയിട്ടുള്ള അന്നജം പഞ്ചസാരയായി മാറുന്നു. നിങ്ങള്‍ ഈഉരുളക്കിഴങ്ങ് വറുക്കുകയോ ചുട്ടെടുക്കുകയോ ചെയ്യുമ്പോള്‍, അവ കാന്‍സറുമായി ബന്ധപ്പെട്ട ദോഷകരമായ സംയുക്തമായ അക്രിലാമൈഡ് പുറത്തുവിടുന്നു.
ഉയര്‍ന്ന ചൂടില്‍ പാചകം ചെയ്യുമ്പോള്‍ ആ അധിക പഞ്ചസാര ആസ്പരാഗിന്‍ എന്ന അമിനോ ആസിഡുമായി കലരുമ്പോഴാണ് ഈ സംയുക്തം ഉണ്ടാകുന്നത്. ഉരുളക്കിഴങ്ങു പോലെ, റഫ്രിജറേറ്ററില്‍ സൂക്ഷിക്കുമ്പോള്‍ ഉള്ളിയിലെയും അന്നജം പഞ്ചസാരയായി മാറുന്നു, ഇത് ഉള്ളി അമിതമായി മധുരമുള്ളതും വേഗം കേടാകാന്‍ സാധ്യതയുള്ളതുമാക്കുന്നു. ഒരിക്കല്‍ ഒരു ഉള്ളി മുറിച്ചാല്‍, അത് പരിസ്ഥിതിയില്‍ നിന്ന് ബാക്ടീരിയകളെ ആഗിരണം ചെയ്യാന്‍ തുടങ്ങും ഈ ഉള്ളി കഴിക്കുന്നത് ഭക്ഷണമലിനീകരണത്തിന് കാരണമാകും.