ചെറിയ കുഞ്ഞുങ്ങളെ വളരെ ശ്രദ്ധയോട് വേണം പരിപാലിക്കാൻ. കുഞ്ഞുങ്ങൾക്ക് ഓരോ സാധനങ്ങളും വാങ്ങുമ്പോൾ അത്രമേൽ ശ്രദ്ധ നമ്മൾ കൊടുക്കേണ്ടതുണ്ട്. പ്രത്യേകിച്ച് അവരുടെ ചർമത്തിന്റെ കാര്യത്തിൽ. എന്നാൽ ആരോഗ്യകരമെന്ന് തോന്നുമെങ്കിലും ഉല്‍പ്പന്നങ്ങളുടെ പുറത്തെ ലേബല്‍ പോലെ എല്ലാം അവരുടെ ചര്‍മത്തിന് നല്ലതാകണമെന്നില്ല.
ചില ചേരുവകള്‍ അവരുടെ ചര്‍മത്തില്‍ അസ്വസ്ഥത, അലര്‍ജി, ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാക്കും. കുഞ്ഞുങ്ങളെ കുളിപ്പിച്ചു കണ്ണെഴുതി പൗഡറിടുന്ന ശീലം വളരെ സാധാരണമാണ്. എന്നാല്‍ ഇത് അവരുടെ ചര്‍മത്തിന് മാത്രമല്ല, ശ്വസന പ്രയാസങ്ങളും ഉണ്ടാക്കാം.
ആന്‍റിബാക്ടീരിയല്‍ എന്ന് കേള്‍ക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് നല്ലതാണെന്ന് തോന്നാമെങ്കിലും അതില്‍ വലിയ അപകടങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. ഇത്തരം സോപ്പുകള്‍ ചര്‍മത്തിലെ സ്വാഭാവിക സൂക്ഷ്മജീവികളെയും നശിപ്പിക്കുന്നു. നമ്മുടെ ചർമത്തിൽ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കുന്ന നല്ല ബാക്ടീരിയകളുണ്ട്. ആൻറി ബാക്ടീരിയൽ ഉൽപ്പന്നങ്ങൾ അമിതമായി ഉപയോഗിക്കുന്നത് ഈ സന്തുലിതാവസ്ഥയെ തകിടം മറിക്കും. ഇത് വരൾച്ച, പ്രകോപനം, അണുബാധകൾക്കുള്ള സാധ്യത എന്നിവ വർധിപ്പിക്കും.
സിന്തറ്റിക് സുഗന്ധദ്രവ്യങ്ങൾ ഉൽപ്പന്നങ്ങളുടെ ഗന്ധം ആകർഷകമാക്കിയേക്കാം. എന്നാല്‍ കുഞ്ഞുങ്ങളില്‍ ഇത് അലര്‍ജി, കോണ്‍ടാക്റ്റ് ഡെര്‍മറ്റൈറ്റിസിനും കാരണമാകാം. സ്വാഭാവിക സുഗന്ധദ്രവ്യങ്ങൾ പോലും ചില സന്ദർഭങ്ങളിൽ സംവേദനക്ഷമതയ്ക്ക് കാരണമാകും. അതിനാല്‍ കുഞ്ഞുങ്ങളില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.