ശരീരത്തെ ശുദ്ധീകരിക്കാനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒരു ദൈനംദിന ആചാരമായി മാറിയിരിക്കുന്നു പലര്‍ക്കും ഒരു ഗ്ലാസ് ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിച്ച് ദിവസം ആരംഭിക്കുന്നത്. എന്നാല്‍ ഗാസ്‌ട്രോഎന്‍ട്രോളജിസ്റ്റുകളുടെ അഭിപ്രായത്തില്‍ ശരിയായി കഴിച്ചാല്‍ നാരങ്ങാവെള്ളം ഗുണം ചെയ്യുന്ന ഒന്നാണ്. പക്ഷേ പലരും വിശ്വസിക്കുന്ന മാന്ത്രിക മരുന്ന് അതല്ല. ജലാംശം, ദഹനം എന്നിവയെ സഹായിക്കാന്‍ നാരങ്ങാവെള്ളത്തിന് കഴിയുമെങ്കിലും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനോ കൊഴുപ്പ് നേരിട്ട് കത്തിച്ചുകളയാനോ കഴിയില്ല.
ദഹനത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും നാരങ്ങാവെള്ളം യഥാര്‍ത്ഥത്തില്‍ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. നാരങ്ങാവെള്ളം ലളിതവും ഉന്മേഷദായകവും തയ്യാറാക്കാന്‍ എളുപ്പവുമാണ്. പക്ഷേ ഇത് ഒരു അത്ഭുത പാനീയമല്ല. മിതമായ അളവില്‍ ഉപയോഗിക്കുമ്പോള്‍ ഇത് ജലാംശം നിലനിര്‍ത്താനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. എന്നാല്‍ അമിതമായ ഉപയോഗം നിങ്ങളുടെ വയറിനോ പല്ലിനോ ദോഷം വരുത്തിയേക്കാം.