വൃത്തിയുള്ളതും ശുദ്ധ വായു സഞ്ചാരമുള്ളതുമായ തുറന്ന സ്ഥലമാവണം യോഗാഭ്യാസത്തിനായി തിരഞ്ഞെടുക്കേണ്ടത്. രാവിലെയോ വൈകുന്നേരമോ ഒരു നിശ്ചിത സമയം യോഗാഭ്യാസത്തിനായി മാറ്റിവയ്ക്കാം. പുലര്‍ച്ചെയാണ് ഏറ്റവും ഉത്തമം. ഒരിക്കലും ധൃതിയില്‍ ചെയ്യാന്‍ ശ്രമിക്കുകയുമരുത്. അതു പോലെ തന്നെ പലതരം ചിന്തകളുമായി യോഗാഭ്യാസത്തിനു തുനിയരുത്. യോഗാഭ്യാസങ്ങളും മറ്റു ശാരീരിക വ്യായാമങ്ങളും കൂട്ടിക്കലര്‍ത്തി ചെയ്യുന്നതു നല്ലതല്ല. കുളി കഴിഞ്ഞു യോഗാഭ്യാസം ചെയ്യുന്നതാണ് ഉത്തമം.
ഇനി യോഗാഭ്യാസം ചെയ്തിട്ടാണെങ്കില്‍ അര മണിക്കൂര്‍ കഴിഞ്ഞേ കുളിക്കാവൂ. ഭക്ഷണം കഴിഞ്ഞതിനു ശേഷം ഉടനെയും യോഗ ചെയ്യരുത്. ഭക്ഷണം പൂര്‍ണമായും ദഹിക്കാനുള്ള ഇടവേള കഴിഞ്ഞു മാത്രം യോഗ ചെയ്യുക. യോഗാഭ്യാസം കഴിഞ്ഞിട്ടായാലും അല്‍പ സമയം കഴിഞ്ഞു മാത്രമേ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പാടുള്ളൂ. യോഗ ചെയ്യുമ്പോള്‍ അയഞ്ഞ കോട്ടണ്‍ വസ്ത്രം ധരിക്കുന്നതാണ് ഉത്തമം. വലിച്ചുവാരിയും സമയക്രമം ഇല്ലാതെയും ഭക്ഷണം കഴിക്കുന്ന ശീലം പൂര്‍ണമായും ഒഴിവാക്കുക.