അപൂർവ രോഗമായ കോംഗോ പനി ബാധിച്ച് സംസ്ഥാനത്ത് ഒരാൾ ചികിൽസയിൽ. കഴിഞ്ഞ 27ന് യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുളളത്.
വിദേശത്തായിരിക്കെ രോഗത്തിന് ചികില്‍സയിലായിരുന്ന ഇയാൾ നാട്ടിലെത്തിയപ്പോൾ വീണ്ടും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ചികില്‍സ തേടുകയായിരുന്നു. ഇയാളുടെ രക്തസാംപിള്‍ പരിശോധനയ്ക്കായി അയച്ചു.
ചികിത്സയില്‍ ഇയാളുടെ ആരോഗ്യാവസ്ഥ തൃപ്‌തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ഇതാദ്യമായാണ് സംസ്ഥാനത്ത് കോംഗോ പനി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പനി ബാധിച്ച 40 ശതമാനം പേരും മരിക്കുമെന്നാണ് കണക്ക്.
രോഗം ബാധിച്ച മൃഗങ്ങളിലെ ചെള്ളുകൾ വഴിയാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. മനുഷ്യരിൽ നിന്നും ശരീരസ്രവങ്ങൾ, രക്തം എന്നിവ വഴിയാണ് പകരുന്നത്.