സൈനസൈറ്റിസിന് എന്താണ് യഥാര്‍ത്ഥ പ്രതിവിധി?

തിങ്കള്‍, 26 നവം‌ബര്‍ 2018 (14:34 IST)
എന്താണ് സൈനസൈറ്റിസ്? തലവേദനയും മൂക്കടപ്പും വിട്ടുമാറാതാകുന്നതോടെയാണ് സൈനസൈറ്റിസ് എന്ന രോഗം എത്തു‌ന്നത്. സാധാരണ പ്രായഭേദമന്യേ എല്ലാവർക്കും ബാധിക്കാവുന്ന അസുഖമാണിത്. മൂക്കിനുചുറ്റുമായി സ്ഥിതിചെയ്യുന്ന പൊള്ളയായ വായു അറകളാണ് സൈനസുകള്‍. വായുനിറഞ്ഞ ഈ അറകളുടെ രൂപവും വലുപ്പവും ഓരോരുത്തരിലും വ്യത്യസ്തമാണ്. ഇവയുടെ വലുപ്പചെറുപ്പമനുസരിച്ച് ഉണ്ടാകുന്ന അസുഖമാണിത്.
 
സൈനസ് അറകളില്‍ അണുബാധ മൂലം കഫവും പഴുപ്പും കെട്ടി നില്‍ക്കുന്നതാണു സൈനസൈറ്റിസിനു കാരണമാകുന്നത്. ശ്വസനവായുവിന് ആവശ്യമായ ഈര്‍പ്പം നല്‍കുന്നത് സൈനസ് അറകളാണ്. ഈ അറകള്‍ സൂക്ഷ്മ ദ്വാരങ്ങളിലൂടെയാണു മൂക്കിലേക്കു തുറക്കപ്പെടുന്നത്. ജലദോഷം, അലർജി, വൈ‌റസ് എന്നിവ കാരണം മൂക്കിനുള്ളിലെ ഈ ചർമത്തിന് നീര് വയ്ക്കുകയും ഈ ദ്വാരങ്ങൾ ചെറുതാവുകയും ചെയ്യുമ്പോഴാണ് ഈ അസുഖമുണ്ടാകുന്നത്.
 
നാലുജോഡി സൈനസുകളാണ് ഒരാളില്‍ ഉണ്ടാവുക. കവിളുകളുടെ ഉള്‍ഭാഗത്ത്, കണ്ണുകള്‍ക്ക് ഇടയില്‍, പുരികത്തിന് മുകളില്‍, ശിരസിന്റെ മധ്യഭാഗത്ത് എന്നിവയാണ് സൈനസുകളുടെ സ്ഥാനം. ഗുരുതരമായ സൈനസൈറ്റിസ് മൂലം തലച്ചോറിന് പഴുപ്പ് ബാധിച്ചേക്കാം. ഇത് കണ്ണിന്റെ കാഴ്ച ശക്തിയേയും ബാധിക്കാൻ സാധ്യതയുണ്ട്. പ്രതിരോധം കൊണ്ടും മരുന്നുകള്‍ കൊണ്ടും സൈനസൈറ്റിസ് ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കും. 
 
കേരളത്തില്‍ പൊതുവേ ഗുരുതരമായ സൈനസൈറ്റിസ് രോഗം കുറവായാണു കണ്ടു വരുന്നത്. രോഗത്തിന്റെ പ്രാരംഭഘട്ടങ്ങളില്‍ ചികിത്സ തേടാന്‍ രോഗികള്‍ തയാറാവുന്നതു കൊണ്ടാണിത്. പുരുഷന്മാർക്ക് സൈനസൈറ്റിസ് ബാധിക്കുന്നതിന്റെ പ്രധാനകാരണം പുകവലിയാണ്. മൂക്കിന്റെ പാലത്തിന്റെ വളവ് സൈനസൈറ്റിസിനുള്ള പ്രധാന കാരണമാണ്. മൂക്കിന്റെ വളവ് സര്‍ജറിയിലൂടെ പരിഹരിക്കുക മാത്രമാണ് ഇതിനുള്ള പ്രതിവിധി. 
 
രോഗലക്ഷണങ്ങൾ:
 
* തലവേദന
* വായില്‍ കയ്പ്
* അമിതമായ ക്ഷീണം
* ഗന്ധമറിയാനുള്ള കഴിവ് കുറയുക 
* മൂക്കൊലിപ്പ്
* മൂക്കടയൽ
 
അതേ സമയം സൈനസൈറ്റിസ് പഴകിയാല്‍ രോഗികളില്‍ ശക്തമായ തലവേദന മാത്രമായി കണ്ടു വരാറുണ്ട്. അണുബാധ തടയുക, സൈനസില്‍നിന്ന് കഫത്തെ പുറത്തുകളയുക, ഇവയ്ക്കൊപ്പം പ്രതിരോധ നടപടികള്‍ക്കും മുന്‍തൂക്കം നല്‍കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍