കൊവിഡിന് ശേഷം തലച്ചോറിന്റെ വാര്‍ദ്ധക്യത്തിന് വേഗം കൂടിയെന്ന് പഠനം

അഭിറാം മനോഹർ

തിങ്കള്‍, 28 ജൂലൈ 2025 (20:57 IST)
കൊവിഡ് ബാധിക്കാത്തവര്‍ക്ക് പോലും കൊവിഡ് അനുഭവം തലച്ചോറിനെ വേഗത്തില്‍ വാര്‍ദ്ധക്യത്തിലേക്ക് നയിച്ചെന്ന് പഠനറിപ്പോര്‍ട്ട്. വൈറസ് മാത്രമല്ല ലോക്ഡൗണിന്റെ സമ്മര്‍ദ്ദം, ഒറ്റപ്പെടല്‍ എന്നിവയടക്കം പല ഘടകങ്ങളും തലച്ചോറിനെ ബാധിച്ചെന്നാണ് നേച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.
 
മഹാമാരിക്ക് മുന്‍പുള്ള തലച്ചോറുകളെ അപേക്ഷിച്ച് മഹാമാരി കാലഘട്ടത്തില്‍ തലച്ചോറുകള്‍ ഏകദേശം 5.5 മാസം വേഗത്തില്‍ പ്രായമായതായും സ്‌കാന്‍ റിപ്പോര്‍ട്ടുകളില്‍ കാണിക്കുന്നു. പുരുഷന്മാരിലും പ്രായമായവരിലും ആരോഗ്യക്ഷമത കൂടിയവരിലും ഈ ആഘാതം കൂടുതലായതായി കാണപ്പെടുന്നു.യുകെ ബയോബാങ്ക് പത്തനത്തില്‍ നിന്നുള്ള സീരിയല്‍ ന്യൂറോ ഇമേജിങ്ങ് ഡാറ്റയും കൊവിഡിന് മുന്‍പും ശേഷവുമുള്ള ബ്രെയിന്‍ സ്‌കാനുകളും പരിശോധിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്.
 
 കൊവിഡ് മഹാമാരികാലത്ത് രോഗം ബാധിക്കാത്തവരില്‍ പോലും തലച്ചോറിന്റെ പ്രായമാകല്‍ വര്‍ദ്ധിച്ചതായി പഠനത്തില്‍ പറയുന്നു. കൊവിഡ് സമയത്ത് എല്ലാവരും അനുഭവിച്ച സമ്മര്‍ദ്ദം, ഒറ്റപ്പെടല്‍, ദൈനംദിന ജീവിതത്തിലെ തടസങ്ങള്‍, മാനസികവും വൈകാരികവുമായ അന്തരീക്ഷം എന്നിവ ആരോഗ്യത്തെ ബാധിച്ചു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ തലച്ചോറിന് ആരോഗ്യപ്രശ്‌നമുണ്ടാവുമോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആരോഗ്യകരമായ ജീവിതശൈലി ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇത് എടുത്ത് കാണിക്കുന്നത്.
 
 തലച്ചോറിന്റെ ആരോഗ്യത്തിനായി മതിയായ ഉറക്കം, സാമൂഹിക ബന്ധങ്ങള്‍, സമീകൃത ആഹാരം, ചെറിയ ഇടവേളകള്‍ എന്നിവയും ഒമേഗ ഫാറ്റി ആസിഡുകള്‍, ആന്റി ഓക്‌സിഡന്റുകള്‍,വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പന്നമായ ഭക്ഷണങ്ങളും പ്രധാനപങ്ക് വഹിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍